കോട്ടയം: പാതി വിലത്തട്ടിപ്പ് കേസ് പ്രതി അനന്തു കൃഷ്ണനുമായി ബന്ധമില്ലെന്ന ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീളാ ദേവിയുടെ വാദം തെറ്റെന്ന് രേഖകള്‍.
അനന്തുവും ബി.ജെ.പി നേതാവും ബിസിനസ് പങ്കാളികളാണെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തു വന്നിട്ടുള്ളത്. പ്രമീളാദേവിയും അനന്തു കൃഷ്ണനും ചേർന്ന് കമ്പനി രൂപീകരിച്ചതായും പ്രമീളാദേവി ഡയറക്ടർ സ്ഥാനമൊഴിഞ്ഞതിന് ശേഷം മകള്‍ ലക്ഷ്മി ഡയറക്ടറായെന്നും രേഖകളില്‍ പറയുന്നു.
നേരത്തേ ബി.ജെ.പി സംസ്ഥാന സമിതി അംഗമായിട്ടുള്ള ഗീതാകുമാരിയാണ് പ്രമീളാ ദേവിക്കെതിരേ ആരോപണം ഉന്നയിച്ചത്. പ്രമീളാ ദേവിയുടെ ഉറപ്പിന്മേല്‍ പാതി വിലത്തട്ടിപ്പ് കേസില്‍ പ്രതിയായിട്ടുള്ള അനന്തു കൃഷ്ണന് 25 ലക്ഷം രൂപ നല്‍കിയെന്നാണ് ഗീതാകുമാരി ആരോപിച്ചത്.
എന്നാല്‍ ഈ ആരോപണം നിഷേധിച്ച പ്രമീളാദേവി അനന്തു കൃഷ്ണനുമായി ബന്ധമില്ലെന്ന് പറഞ്ഞിരുന്നു. ഈ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്ന രേഖകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
ഗുഡ്ലിവിങ് പ്രോട്ടോകോള്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് അനന്തു കൃഷ്ണനും പ്രമീളാദേവിയും ചേർന്ന് രൂപീകരിച്ചത്. 2019 ഡിസംബർ 20-നാണ് കമ്പനി രജിസ്റ്റർ ചെയ്തത്. 2021 മാർച്ച് 10 വരെ പ്രമീളാദേവി കമ്പനി ഡയറക്ടറായിരുന്നു. പ്രമീളാദേവി രാജി വെച്ചതിന് ശേഷം മകള്‍ ഡയറക്ടറായി.
നാല് പേരാണ് കമ്പനിയുടെ ഡയറക്ടർമാരായി ഉണ്ടായിരുന്നത്. അനന്തു കൃഷ്ണനും പ്രമീളാ ദേവിയും തൃശ്ശൂർ സ്വദേശി അമ്പാട്ട് മുകുന്ദൻ, ശോഭന എന്നിവരായിരുന്നു ഡയറക്ടർമാർ. കമ്പനിയുടെ ആസ്ഥാനമായ കാഞ്ഞിരപ്പള്ളി ആനക്കല്ല് പ്രമീളാ ദേവിയുടെ വീടിരിക്കുന്ന പ്രദേശം കൂടിയാണ്.
അനന്തുവിനെ പൊതു പരിപാടികളില്‍ വെച്ചുള്ള പരിചയമാണെന്നാണ് നേരത്തേ പ്രമീളാദേവി പ്രതികരിച്ചിരുന്നത്.
നേതാക്കന്മാരുടെ പലരുടെയും ഒപ്പം അനന്തു കൃഷ്ണനുണ്ട്. വനിതാ കമ്മീഷന്റെ പരിപാടികളില്‍ അയാള്‍ പങ്കെടുത്തിട്ടുണ്ട്. അതിന്റെ ചിത്രങ്ങളുണ്ടാകും. അതില്‍ കൂടുതല്‍ എനിക്കറിയില്ല.
ഞാൻ പങ്കെടുക്കുന്ന പല സ്ഥലങ്ങളിലും അയാള്‍ വന്നിട്ടുണ്ടാകും. പല പൊതു പരിപാടികളിലും വന്നിട്ടുണ്ടാകും. അതിനപ്പുറം എനിക്കറിയില്ല. അനന്തുവും ഞാനും തമ്മിലുള്ള ബാങ്ക് ട്രാൻസാക്ഷൻസ് പരിശോധിക്കാം.- എന്നാണ് അന്ന് പ്രമീളാദേവി പറഞ്ഞത്.