ബാലരാമപുരത്തെ രണ്ടു വയസുകാരിയുടെ കൊലപാതകം; ജ്യോത്സ്യൻ കസ്റ്റഡിയില്‍


തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ കരിക്കകം സ്വദേശിയായ ജ്യോത്സ്യൻ ശംഖുമുഖം ദേവീദാസനെ പോലീസ് കസ്റ്റഡിയിലെടുത്തു.

കുടുംബത്തില്‍ അന്ധ വിശ്വാസം നിലനിന്നിരുന്നെന്നും ഇത് കണക്കിലെടുത്ത് ജ്യോത്സ്യന്റെ ഉപദേശ പ്രകാരമാണോ കൊലപാതകം നടത്തിയത് എന്നൊക്കെയുള്ള സംശയങ്ങള്‍ ദൂരീകരിക്കാനാണ് ജ്യോത്സ്യനെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തത്. ദേവീദാസൻ ശ്രീതുവിന്റെ ആത്മീയ ഗുരു ആണ്.

ദേവീദാസൻ ശ്രീതുവില്‍ നിന്ന് പണം തട്ടിയതായും സംശയമുണ്ട്. ഇടയ്ക്ക് ശ്രീതു തല മുണ്ഡനം ചെയ്തിരുന്നു. ഇതും ജ്യോത്സ്യന്റെ ഉപദേശ പ്രകാരമാണോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. 

കുഞ്ഞിന്റെ കൊലപാതകത്തില്‍ ആഭിചാര ക്രിയ ഉള്‍പ്പെടെയുള്ള സംശയങ്ങള്‍ നാട്ടുകാർ ഉന്നയിച്ചിരുന്നു. ജ്യോത്സ്യനെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ ഇത്തരത്തിലുള്ള സംശയങ്ങള്‍ ദൂരീകരിക്കപ്പെടുമെന്നാണ് കരുതുന്നത്.

ഇന്നലെയാണ് ബാലരാമപുരത്ത് രണ്ട് വയസുകാരി ദേവേന്ദുവിനെ അമ്മാവൻ ഹരികുമാർ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത്. കോട്ടുകാല്‍ക്കോണം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകള്‍ രണ്ടരവയസ്സുകാരി ദേവേന്ദു ആണ് മരിച്ചത്. 

ഇന്നലെ രാത്രി വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങാൻ കിടന്ന കുട്ടിയെ ഇന്നു രാവിലെയാണ് കാണാനില്ലെന്നു മനസിലായത്. തുടർന്ന് ഫയർഫോഴ്സ് എത്തി നടത്തിയ തിരച്ചിലിലാണ് കിണറ്റില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

കുടുംബത്തെ ഒന്നടങ്കം പോലീസ് കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് ഹരികുമാർ കുറ്റം സമ്മതിച്ചത്. ആദ്യം ചോദ്യം ചെയ്യലിനോട് സഹകരിക്കാതിരുന്ന ഹരികുമാർ നിങ്ങൾ പോയി അന്വേഷിച്ച്‌ കണ്ടുപിടിക്കൂ എന്ന മറുപടിയാണ് പോലീസിന് നല്‍കിയത്. പിന്നീടാണ് പ്രതി കുറ്റസമ്മതം നടത്തിയത്.

ഹരികുമാർ കുറ്റം സമ്മതിച്ചെങ്കിലും ശ്രീതുവിനെയും പോലീസ് സംശയനിഴലിലാണ് നിർത്തിയിരിക്കുന്നത്. കൊലപാതകത്തിന് ഏതെങ്കിലും തരത്തില്‍ ശ്രീതുവിന്റെ സഹായം ലഭിച്ചിട്ടുണ്ടോ എന്ന സംശയമുണ്ട്. 

ഹരികുമാറും ശ്രീതുവും തമ്മിലുള്ള വാട്സാപ് ചാറ്റുകള്‍ സംശയം ജനിപ്പിക്കുന്നതായാണ് സൂചന. ഹരികുമാറും ശ്രീതുവും നിഗൂഢമായ മനസുള്ളവരാണെന്നാണു പോലീസ് പറയുന്നത്. 

ഒരു വീട്ടില്‍ തൊട്ടടുത്ത മുറികളില്‍ താമസിച്ചിരുന്ന ഇരുവരും തമ്മില്‍ വാട്സാപ്പില്‍ വിഡിയോ കോളുകള്‍ ചെയ്തിരുന്നു. ഇതു സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഹരികുമാർ പരസ്പര വിരുദ്ധമായ മൊഴികളാണു നല്‍കുന്നത്.

അതേ സമയം, അറസ്റ്റിലായ ഹരികുമാർ അന്വേഷണവുമായി സഹകരിക്കുന്നില്ല. പൊലീസിന്റെ പല ചോദ്യങ്ങള്‍ക്കും കൃത്യമായി മറുപടി നല്‍കാൻ ഹരികുമാർ തയാറായിട്ടില്ല. 

പ്രതി ഭക്ഷണം കഴിക്കുന്നില്ലെന്നും പൊലീസ് പറഞ്ഞു. കുഞ്ഞിനെ കിണറ്റിലെറിഞ്ഞതായി കുറ്റസമ്മതം നടത്തിയെങ്കിലും എന്തിനാണു കൊന്നതെന്ന ചോദ്യത്തോടു പ്രതികരിക്കാതെ പൊലീസിനോടു തട്ടിക്കയറുകയാണ് പ്രതി ചെയ്തിരുന്നത്.

വളരെ പുതിയ വളരെ പഴയ