കണ്ണൂർ: ഭൂരിഭാഗം കടകളും കാലിയായതോടെ റേഷൻ വിതരണത്തില്‍ വൻ പ്രതിസന്ധി. കുടിശ്ശികയുടെ പേരില്‍ വിതരണ കരാർ ജീവനക്കാർ സമരം തുടങ്ങിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പിന്നില്‍.
എഫ്.സി.ഐ ഗോഡൗണുകളില്‍ നിന്ന് സപ്ലൈകോയുടെ എൻ.എഫ്.എസ്.എ ഗോഡൗണുകളിലേക്കും അവിടെ നിന്ന് റേഷൻ കടകളിലേക്കും അരി ലോറികളില്‍ എത്തിക്കുന്ന വിതരണ കരാർ ജീവനക്കാരാണ് ജനുവരി ഒന്നു മുതല്‍ സമരം പ്രഖ്യാപിച്ചത്.
ഇതോടെ റേഷൻ കടകളിലെത്തുന്നവർ അരിയടക്കമുള്ള ആവശ്യ സാധനങ്ങള്‍ ലഭിക്കാതെ മടങ്ങി പോകേണ്ട സ്ഥിതിയാണ്.
അവസാന ആഴ്ചയിലെത്തിയിട്ടും ജനുവരിയിലെ റേഷൻ വിഹിതം ഇതു വരെ കടകളില്‍ എത്തിയിട്ടില്ല. ഡിസംബറില്‍ ബാക്കിയുള്ള ധാന്യങ്ങളാണ് ഈ മാസം തുടക്കത്തില്‍ വിതരണം ചെയ്തത്.നിലവില്‍ ജില്ലയിലെ 90 ശതമാനം റേഷൻ കടകളും കാലിയാണ്.
ബില്‍ കുടിശികയുടെ പേരില്‍ രണ്ടു വർഷത്തിനിടയില്‍ നാലു പ്രാവശ്യമാണ് കരാർ ജീവനക്കാർ സമരം നടത്തിയത്.
നാലാമത്തെ തവണ റേഷൻ കടകളില്‍ അരി ഇല്ലാത്ത സാഹചര്യം വന്നപ്പോള്‍ പൊതു വിതരണ വകുപ്പ് മന്ത്രി ഇടപെട്ട് പകുതി കുടിശിക നല്‍കുകയും ബാക്കി ഉടൻ തീർക്കാമെന്ന് ഉറപ്പ് നല്‍കുകയുമായിരുന്നു. നിലവില്‍ കഴിഞ്ഞ ഒക്ടോബർ മുതല്‍ ഡിസംബർ വരെയുള്ള തുക പൂർണമായും സെപ്തംബറിലേത് ഭാഗികമായും കുടിശ്ശികയാണ്.
അരി വിതരണ കരാറുകാരുടെ സമരം കാരണം പയ്യന്നൂർ, മുഴപ്പിലങ്ങാട് എഫ്.സി.ഐ ഗോഡൗണുകളിലെ ലോറി ഡ്രൈവർമാർക്കും ചുമട്ട് തൊഴിലാളികള്‍ക്കും പണിയില്ലാത്ത സ്ഥിതിയാണ്.
സീസണിലും കുറയാതെ അരി വില
റേഷൻ അരി വിതരണം നിലച്ചതോടെ പൊതു വിപണിയില്‍ അരി വില വർദ്ധിക്കുമോയെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. നിലവില്‍ പൊന്നി അരിക്ക് രണ്ടു മാസത്തിനിടെ എട്ടു രൂപയാണ് വർദ്ധിച്ചത്.
മൊത്ത വിപണിയില്‍ 47 രൂപ മുതല്‍ 65 രൂപ വരെയാണ് അരി വില. ചില്ലറ വിപണിയില്‍ ഇതിലും കൂടുതലുണ്ട്. സീസണായിട്ടും കുറുവ, ജയ, നൂർജഹാൻ അരികളുടെ വില കുറഞ്ഞിട്ടില്ല.
കയറ്റുമതി വർദ്ധനവും കർഷകർ കൂടുതല്‍ വില കിട്ടുന്ന അരി ഇനങ്ങളുടെ കൃഷിയിലേക്ക് മാറിയതും വില ഉയരുന്നതിന് പിന്നിലുണ്ട്. ആന്ധ്ര, തമിഴ്നാട്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും അരിയെത്തുന്നത്.
മൊത്ത വിപണിയില്‍ അരിവില ₹47 മുതല്‍ ₹65 വരെ
പൊന്നി എരിക്ക് രണ്ടു മാസത്തിനിടെ ഉയർന്നത് ₹8
വേതനമില്ലാതെ ജോലി ചെയ്യേണ്ട സാഹചര്യമെത്തിയപ്പോഴാണ് സമരത്തിലേക്ക് കടന്നത്. സെപ്തംബർ മാസത്തെ 40 ശതമാനം കുടിശ്ശിക മാത്രമാണ് ലഭിച്ചത്. ഒക്ടോബർ, നവംബർ, ഡിസംബർ മാസത്തെ കുടിശ്ശിക പൂർണ്ണമായും ലഭിക്കാനുണ്ട്.
റേഷൻ വിതരണം കരാർ ജീവനക്കാരുടെ ഉത്തരവാദിത്വമാണെന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. മുഖ്യമന്ത്രി അടിയന്തിരമായി പ്രശ്നത്തില്‍ ഇടപെടേണ്ടതുണ്ട്.
ഫഹദ് ഇസ്മയില്‍, ജനറല്‍ സെക്രട്ടറി, കേളര ട്രാൻസ്‌പോർട്ടിംഗ് കോണ്‍ട്രാക്ടേർസ് അസോസിയേഷൻ