തിരുവനന്തപുരം: നെയ്യാറ്റിൻകര സമാധി കേസിൽ കല്ലറ പൊളിക്കുമ്പോൾ മൃതദേഹം ചമ്രം പടിഞ്ഞിരിക്കുന്ന നിലയിലായിരുന്നുവെന്ന് സമാധി പൊളിച്ച രതീഷ്. നെഞ്ചുവരെ ഭസ്‌മത്തിൽ മൂടിയിരുന്നുവെന്നും അഴുകിയ നിലയിലായിരുന്നു മൃതദേഹമെന്നും അദ്ദേഹം പറഞ്ഞു.
മണ്ണിട്ട് മൂടിയിരുന്നില്ല. ഭസ്‌മത്തിനാൽ മൂടിയിരുന്നതിനാൽ അധികം ദുർഗന്ധം ഉണ്ടായിരുന്നില്ല. സ്ലാബ് ഇളക്കുമ്പോൾ തന്നെ തലയും നെഞ്ചുവരെയും കാണാനാകുമായിരുന്നു. ഭസ്‌മം കോരി മാറ്റിയാണ് മൃതദേഹം പുറത്തേക്കെടുത്തത്. സഹായത്തിന് മറ്റൊരാളും ഉണ്ടായിരുന്നു. കൈകൊണ്ടുതന്നെ നിരക്കി സ്ട്രക്‌ചറിൽ കയറ്റി. മൃതദേഹത്തിന്റെ വയർ വീർത്തിരുന്നു. തലയും സ്ലാബും തമ്മിൽ ഒരിഞ്ചിന്റെ വ്യത്യാസം മാത്രമാണ് ഉണ്ടായിരുന്നതെന്നും രതീഷ് പറഞ്ഞു.
നെയ്യാറ്റിൻകരയിൽ പിതാവ് സമാധിയായെന്ന് മക്കൾ പോസ്റ്റർ പതിക്കുകയും അടക്കം ചെയ്യുകയും ചെയ്തതോടെയാണ് ഗോപൻ സ്വാമിയുടെ മരണം ചർച്ചയായത്. അച്ഛൻ ആവശ്യപ്പെട്ടത് അനുസരിച്ചാണ് സമാധിയിരുത്തിയതെന്നായിരുന്നു മക്കൾ പറഞ്ഞത്. ചൊവ്വാഴ്‌ച രാവിലെ പത്തരയോടെ അച്ഛൻ നടന്നാണ് സമാധിപീഠത്തിലിരുത്തിയതെന്നും തന്നെ നെറുകയിൽ കൈവെച്ച് അനുഗ്രഹിച്ചിരുന്നുവെന്നും പൂജാരിയായ മകൻ രാജശേഖരൻ പറഞ്ഞിരുന്നു.