തൃശൂർ ചില്‍ഡ്രൻസ് ഹോമില്‍ അതിക്രൂര കൊലപാതകം. അന്തേവാസിയായ 17 വയസ്സുകാരനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി 15കാരൻ.
ഇരിങ്ങാലക്കുട സ്വദേശിയായ അങ്കിത് ആണ് കൊല്ലപ്പെട്ടത്.
ഇന്ന് രാവിലെ 6.15ഓടെയാണ് രാമവർമപുരത്തെ സർക്കാർ ചില്‍ഡ്രൻസ് ഹോമില്‍ ക്രൂര കൊലപാതകം നടന്നത്. ഉറങ്ങിക്കിടന്ന കുട്ടിയുടെ തലയിൽ ആക്സോ ബ്ലൈഡ് പോലുള്ള വസ്തു വെച്ചതിന് ശേഷം ചുറ്റിക കൊണ്ട് തലയിലേക്ക് അടിച്ചിറക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. വാക്കു തർക്കത്തെ തുടർന്നാണ് 15കാരൻ അങ്കിതിനെ കൊലപ്പെടുത്തുന്നത്.
വിവരമറിഞ്ഞ ചില്‍ഡ്രൻസ് ഹോം അധികൃതർ അങ്കിതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. ഉടനടി ആശുപത്രിയിലെത്തിക്കാൻ ചില്‍ഡ്രൻസ് ഹോമില്‍ വാഹനങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും സൂചനയുണ്ട്. അങ്കിതിൻ്റെ മൃതദേഹം നിലവില്‍ മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഇന്നലെ ഇരുവരും തമ്മില്‍ വാക്കു തർക്കമുണ്ടാവുകയും മരിച്ച അങ്കിത്, സഹവാസിയെ മർദിക്കുകയും ചെയ്തിരുന്നു. ചില്‍ഡ്രൻസ് ഹോം അധികൃതർ എത്തിയാണ് ഇരുവരെയും മാറ്റി നിർത്തിയത്. മർദനമേറ്റ കുട്ടി പക മൂലം അങ്കിതിനെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് വിവരം.
കുറ്റകൃത്യം നടത്തിയ ശേഷം കുട്ടി തന്നെ താനാണ് കൊലപാതകം നടത്തിയതെന്ന് സമ്മതിക്കുകയായിരുന്നു. തുടർന്ന് വിയ്യൂർ പൊലീസെത്തി കുട്ടിയെ അറസ്റ്റ് ചെയ്തു. വിയ്യൂർ സ്റ്റേഷനില്‍ ചോദ്യം ചെയ്യല്‍ നടപടികള്‍ പുരോഗമിക്കുകയാണ്. 25 ഓളം അനാഥരായ കുട്ടികളെയാണ് ഇവിടെ പാർപ്പിച്ചിരിക്കുന്നത്.