പേരൂർക്കട: സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് യുവതിയെ പൂജപ്പുര പോലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര സ്വദേശിനിയും നിലവില്‍ ശാസ്ത മംഗലം ശ്രീരംഗം ലെയിൻ ഹൗസ് നമ്പർ 18 ലളിത ഭവനില്‍ വാടകയ്ക്കു താമസിച്ചു വരുന്നയാളുമായ സനിത (31) ആണ് അറസ്റ്റിലായത്.
എസ്ബിഐയില്‍ നിന്നും ഹൗസിംഗ് ലോണ്‍ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പൂജപ്പുര പരിധിയില്‍ താമസിക്കുന്ന ഒരു സ്ത്രീയില്‍ നിന്ന് 11 ലക്ഷത്തോളം രൂപയാണ് പ്രതി തട്ടിയെടുത്തത്.
രണ്ടു വർഷത്തിനു മുമ്പായിരുന്നു കേസിന് ആസ്പദമായ സംഭവം. ഓണ്‍ലൈൻ ട്രാൻസാക്ഷനിലൂടെ ആദ്യം അഞ്ചു ലക്ഷം രൂപയും പിന്നീട് ആറു ലക്ഷം രൂപയുമാണ് പ്രതി കൈക്കലാക്കിയത്.
ഇതു കൂടാതെ തന്നെ പല സമയങ്ങളിലായി ചെറിയ രീതിയില്‍ തുകകള്‍ ഇവർ കൈപ്പറ്റുകയുണ്ടായി. പ്രതിക്കെതിരേ നഗരത്തിലെ വിവിധ സ്റ്റേഷനുകളില്‍ കേസുള്ളതായി പോലീസ് പറഞ്ഞു. തട്ടിപ്പിന് ഇരയായ സ്ത്രീ പരാതി നല്‍കിയിരുന്നുവെങ്കിലും പ്രതി വിവിധ സ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു.
നഗരത്തില്‍ ഇവർ എത്തിയിട്ടുണ്ടെന്നുള്ള രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായി പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.