കോഴിച്ചാകര'; കോഴികളുമായി പോയ ലോറി മറിഞ്ഞു; വാരിക്കൂട്ടി നാട്ടുകാർ

 


'കോട്ടയം: കോട്ടയത്ത് ‘കോഴിച്ചാകര’. കോഴികളുമായി പോയ ലോറി നാഗമ്പടത്ത് ചെമ്പരത്തിമൂട് വളവില്‍ മറിഞ്ഞതാണ് കാരണം. ഞായറാഴ്ച്ച പുലർച്ചെ മൂന്നരയോടെയാണ് സംഭവം. മൂവാറ്റുപുഴയിലുള്ള സ്വകാര്യ ചിക്കന്‍ സെന്ററില്‍നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്നു. വാഹനത്തിൽ 1700 കോഴികളാണ് ഉണ്ടായത്. ലോറിയിലുണ്ടായിരുന്ന ഇരുമ്പുപെട്ടികള്‍ റോഡില്‍ ചിതറിവീണു. ഇതോടെ കോഴികള്‍ കൂട്ടത്തോടെ ചത്തു. റോഡിലുണ്ടായിരുന്നവർ പറ്റാവുന്നത്ര കോഴികളെ വാരിക്കൂട്ടി.

കൂടാതെ സംഭവം കേട്ടറിഞ്ഞെത്തിയവരും സ്ഥലത്ത് എത്തി കോഴികളെ കൈക്കലാക്കി. കാറിന്റെ ഡിക്കിയിലും മറ്റുമായി കോഴികളെ വാരിയിട്ടാണ് ചിലര്‍ പോയത്. അതിന് സാധിക്കാത്തവർ ചാക്കിലാക്കി തലയിൽ ചുമന്നു കൊണ്ടും പോയി. ഡ്രൈവറെക്കൂടാതെ രണ്ട് അതിഥിത്തൊഴിലാളികളും വണ്ടിയിലുണ്ടായിരുന്നു. ഇവര്‍ക്ക് ചെറിയ പരിക്കേറ്റു.

അഞ്ഞൂറോളം കോഴികൾക്ക് മാത്രമേ ജീവനുണ്ടായിരുന്നുള്ളൂ. ബാക്കിയെല്ലാം ചത്തു. ജീവനുള്ള കോഴികളെ ലോറിക്കാര്‍ കൊണ്ടുപോയി. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് ഗാന്ധിനഗര്‍ പൊലീസ് അറിയിച്ചു.

വളരെ പുതിയ വളരെ പഴയ