കണ്ണൂർ : രാത്രി വാഹന യാത്രയിലെ ഡ്രൈവർമാരുടെ ഉറക്കം അപകടത്തിലേക്ക് മാടി വിളിക്കുന്നത് തടയുവാനും യാത്രകാരുടെ തണുപ്പകറ്റാനും പദ്ധതിയുമായി കണ്ണൂരിലെ ഫോൺ ടെക് എജുക്കേഷൻ. വാഹന യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി ഉറക്കമിളച്ച് കാത്തിരിക്കുകയാണ് ദേശീയപാതയിൽ ഫോൺ ടെക് എഡ്യൂക്കേഷനിലെ അധ്യാപകരും വിദ്യാർത്ഥികളും. രാത്രി വാഹന യാത്രക്കാർക്ക് സ്നേഹം ചാലിച്ച ചൂടുള്ള ചുക്കുകാപ്പിയാണ് ഇവർ നൽകുന്നത്.
താണ, കാൽടെക്സ് തുടങ്ങി ദേശീയ പാത പരിസരത്ത് ഒരുകൂട്ടം വിദ്യാർത്ഥികൾ രാത്രി 12 മണി മുതലാണ് സാമൂഹ്യ സേവന പ്രവർത്തനം ആരംഭിക്കുന്നത്. നാലുമണി വരെ ഇവർ ദേശീയ പാതയിൽ തന്നെ ഉണ്ടാകും. വാഹനങ്ങൾ കൈ കാണിച്ചു നിർത്തിയും ഇവരുടെ കയ്യിലുള്ള പ്ലക്കാറെഡുകൾ കണ്ടു വാഹനങ്ങൾ നിർത്തിയും വാഹനാ യാത്രക്കാർക്ക് ഇവർ ചുക്കുകാപ്പി നൽകുകയാണ് ചെയ്യുന്നത്.
തണുപ്പ് കാലമായതോടുകൂടി വാഹന യാത്രക്കാർ തണുപ്പ് കാറ്റേൽക്കുമ്പോൾ ഉറങ്ങിപ്പോകുന്നത് പതിവാണ്. ഡ്രൈവർമാർക്ക് ഉറക്കം വരാതിരിക്കാൻ ആശ്വാസമാകുകയാണ് ഇവരുടെ ചുക്ക് കാപ്പി.
കണ്ണൂർ നഗരത്തിലെ പ്രമുഖ മൊബൈൽ ഫോൺ റിപ്പയറിങ് കോഴ്സ് പഠിപ്പിക്കുന്ന സ്ഥാപനമായ ഫോൺ ടെക് എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സി ഇ ഒ യുമായ അഖിൽ കൃഷ്ണയാണ് പദ്ധതിയുടെ പിന്നിൽ. പദ്ധതി സീനിയർ ഫാക്കൽറ്റി അബ്ദുൽ കബീർ ഉദ്ഘാടനം ചെയ്തു. ഫാക്കൽട്ടിമാരായ ശുഹൈബ് കുറ്റിക്കാടൻ , ഷഹാസ് കല്ലായി , അമീർ അബ്ബാസ് ടി കെ ,എന്നിവരോടൊപ്പം സ്ഥാപനത്തിലെ 50 ഓളം വിദ്യാർത്ഥികളും പദ്ധതിയുടെ ഭാഗമായി രാത്രി തെരുവോരത്ത് സേവനത്തിന് രംഗത്തുണ്ട്...