Zygo-Ad

മലബാര്‍ ക്യാൻസര്‍ സെന്റര്‍: രക്തത്തിലേക്ക്‌ മരുന്നുകളുടെ സഞ്ചാരം ക്രമീകരിക്കുന്ന സംവിധാനമായി

 


കണ്ണൂർ: തലശ്ശേരി മലബാർ ക്യാൻസർ സെന്റർ- പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്ചില്‍ രക്തത്തിലേക്ക് മരുന്നുകളുടെ സഞ്ചാര നിരക്ക് ക്രമീകരിക്കാനും നിരീക്ഷിക്കാനുമുള്ള സംവിധാനം സജ്ജമായി.

കെ- ഡിസ്കുമായി സഹകരിച്ചാണ് ഡ്രിപ്പോ സംവിധാനം ഉപയോഗപ്പെടുത്തി വയർലസ് ഇൻഫ്യൂഷൻ മോണിറ്ററിങ് പദ്ധതി നടപ്പാക്കിയത്. 

ആരോഗ്യ വകുപ്പിന്റെ നിർദേശ പ്രകാരം കെ -ഡിസ്കിന്റെ ഇന്നോവേഷൻ ഫോർ ഗവണ്‍മെന്റ് സംരംഭത്തിലൂടെയാണ് നടപ്പാക്കുന്നത്. 26ന് മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ പദ്ധതികള്‍ ഉദ്ഘാടനംചെയ്യുന്നതിനൊപ്പം ഈ പുതിയ സംവിധാനം എംസിസിക്ക് കൈമാറും.

കേരളത്തിലെ സ്റ്റാർട്ടപ്പ് പദ്ധതിയിലൂടെ വികസിപ്പിച്ച പോർട്ടബിള്‍ കണക്ടഡ് ഇൻഫ്യൂഷൻ മോണിറ്ററാണ് ഡ്രിപ്പോ സംവിധാനം. ഡ്രിപ്പു വഴി മരുന്നു നല്‍കുമ്പോൾ കൃത്യ അളവില്‍ രക്തത്തിലെത്തും. 

അർബുദം പോലെയുള്ള രോഗങ്ങള്‍ക്ക് മരുന്നു തുള്ളികളുടെ അളവ് വളരെ പ്രധാനമാണ്. മരുന്നുകളുടെ സഞ്ചാര നിരക്ക് നിരീക്ഷിക്കുമ്പോൾ ഈ സംവിധാനം തത്സമയ വിവരങ്ങള്‍ നഴ്സിങ് സ്റ്റേഷനുകളിലെ സെൻട്രല്‍ സോഫ്റ്റ് വെയറിലേക്ക് കൈമാറും. 

അതു വഴി മരുന്നുകളുടെ രക്തത്തിലേക്കുള്ള സഞ്ചാരത്തിന്റെ നിരക്ക് മാറ്റങ്ങള്‍ക്കും ഇൻഫ്യൂഷൻ പൂർത്തീകരണങ്ങള്‍ക്കുമുള്ള മുന്നറിയിപ്പുകള്‍ നല്‍കും. 

മരുന്നുകളുടെ സഞ്ചാര നിരക്ക് കൃത്യമായി സജ്ജീകരിക്കാനും അനായാസം നിരീക്ഷിക്കാനും നഴ്സിങ് ജീവനക്കാരെ ഡ്രിപ്പോ സഹായിക്കും. ഇതിന്റെ സോഫ്റ്റ് വെയർ മരുന്നുകളുടെ രക്തത്തിലേക്കുള്ള സഞ്ചാരത്തിന്റെ സമഗ്ര രൂപ രേഖയും രോഗിയുടെ ആരോഗ്യ ചരിത്രവും പ്രദർശിപ്പിക്കും. 

പദ്ധതിയുടെ ഭാഗമായി എംസിസി വാർഡുകളില്‍ ഡ്രിപ്പോയുടെ 20 യൂണിറ്റുകളും അനുബന്ധ ഉപകരണങ്ങളും സോഫ്റ്റ് വെയറും സ്ഥാപിച്ചു. വിദഗ്ധ ഡോക്ടർ കാര്യക്ഷമത വിലയിരുത്തി. 

65 ശതമാനം വരെ മരുന്നുകളുടെ സഞ്ചാര പിശകുകള്‍ കുറച്ച്‌ രോഗിക്ക് മികച്ച ചികിത്സാ ഫലം ഉറപ്പാക്കുമെന്നും നഴ്സുമാരുടെ ജോലി ഭാരം കുറയ്ക്കുമെന്നും പഠനത്തില്‍ തെളിഞ്ഞു.

വളരെ പുതിയ വളരെ പഴയ