ഇടുക്കി: മാങ്കുളം ബൈസണ്‍വാലി വളവില്‍ ലോറി കാറിലേക്ക് ഇടിച്ചു കയറി ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മാങ്കുളത്തു നിന്നും ആനക്കുളത്തേക്ക് പോകുന്ന വഴിയിലുള്ള കെഎസ്‌ഇബി വ്യാപാര സമുച്ചയത്തിന് താഴ്ഭാഗത്തായായിരുന്നു അപകടം.
റോഡ് സൈഡില്‍ സ്ഥാപിക്കേണ്ട ക്രാഷ് ബാരിയറുകളുമായി ലക്ഷ്മി എസ്റ്റേറ്റിലേക്ക് പോയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ ലോറിയില്‍ ഉണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളി ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വാഹനം കയറി മരണപ്പെട്ടു. വളവിലെ കയറ്റം കയറാതിരുന്ന ലോറി പുറകിലേക്ക് ഉരുണ്ട് കാറില്‍ ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്.
ലക്ഷ്മി എസ്റ്റേറ്റിലേക്ക് പോകുന്നതിനിടെ ലോറിയ്ക്ക് വഴിതെറ്റി ഇവർ പെരിന്തല്‍ എത്തിയിരുന്നു ഇവിടെ നിന്നും തിരിച്ച് മാങ്കുളത്തേക്ക് വരുന്നതിനിടെയാണ് അപകടം. ആനക്കുളം സന്ദർശിച്ച് തിരികെ പോകുന്ന തമിഴ്നാട് സ്വദേശികളായ വിനോദ സഞ്ചാരികളുടെ കാറിൻ്റെ പുറകിലേക്ക് ലോറി ഇടിച്ചു കയറുകയായിരുന്നു.
തമിഴ്നാട് സ്വദേശികളുടെ കാർ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ കാനയില്‍ അകപ്പെട്ടിരുന്നു. ഇവർ ഇത് പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കയറ്റം കയറാതിരുന്ന ലോറി പുറകില്‍ വന്നിടിച്ചത്. കാറില്‍ ഉണ്ടായിരുന്ന യാത്രികർക്കും പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.