പയ്യന്നൂര്‍: കണ്ടോത്ത് ദേശീയ പാതയില്‍ കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേർക്കു പരിക്കേറ്റു.
കാർ യാത്രികനായ കാഞ്ഞങ്ങാട് സ്വദേശി കുഞ്ഞാമ്ബു ഹൗസില്‍ ഹാരിസിന്‍റെ മകന്‍ അഫ്‌റാസ് (11), ബസ് യാത്രികന്‍ കരിവെള്ളൂരിലെ സന്തോഷ് (50) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ ഏഴരയോടെ ദേശീയപാതയില്‍ കണ്ടോത്ത് ആയുര്‍വേദ ആശുപത്രിക്ക് സമീപമാണ് അപകടം.
കോഴിക്കോട് നിന്ന് വരികയായിരുന്ന ഹാരിസും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ കാഞ്ഞങ്ങാട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ടൗണ്‍ ടു ടൗണ്‍ ബസിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിനകത്ത് തെറിച്ചു വീണാണ് സന്തോഷിന് പരിക്കേറ്റത്.
അപകടത്തെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബസ് റോഡരികിലെ മതില്‍ ഇടിച്ചാണ് നിന്നത്. കാർ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു.