കൊട്ടാരക്കര പടിഞ്ഞാറ്റിൻക്കര മഹാദേവർ ക്ഷേത്രത്തില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഭരണികള്‍ കണ്ടെത്തി. ദേവസ്വം ഓഫീസിന്റെ നവീകരണ ജോലിക്കിടെയാണ് മണ്ണിനടയില്‍ നിന്നും ആറ് ഭരണികള്‍ ലഭിച്ചത്.
പഴയ സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന മുറിയുടെ തറയില്‍ അഞ്ചരയടി താഴ്ചയില്‍ വായ്ഭാഗം പുറത്തേക്ക് കാണുന്ന നിലയിലായിരുന്നു ഭരണികള്‍. മണ്ണ് നീക്കം ചെയ്ത് പുറത്തെടുത്ത ഭരണികള്‍ ഭക്ത ജനങ്ങള്‍ക്ക് കാണാവുന്ന തരത്തില്‍ ക്ഷേത്രത്തിനുള്ളില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ചീന ഭരണി ഇനത്തില്‍ പെട്ട ഇവയക്ക് നാലരയടിയിലധികം ഉയരവും മൂന്നര അടിയോളം വീതിയുമുണ്ട്. കയറുകെട്ടി പൊക്കി മാറ്റുന്നതിനായി മണ്ണ് കൊണ്ടു തന്നെ നിർമിച്ച മൂന്ന് കൊളുത്തുകളും ഭരണികളിലുണ്ട്. ചുവപ്പും കറുപ്പും കലർന്ന ഭരണികള്‍ക്ക് നൂറ്റാണ്ടുകളോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
പ്രദേശം ഭരിച്ചിരുന്ന രാജ വംശങ്ങള്‍ ചൈനയില്‍ നിന്നും കൊണ്ടു വന്ന് ക്ഷേത്രത്തിന് സമർപ്പിച്ചതാണെെന്നാണ് കണക്കാക്കുന്നത്. പ്രാചീന ഗ്രീക്ക് വ്യാപരികള്‍ക്ക് മുന്നേ ചൈനീസ് വ്യാപരികള്‍ ചീന ഭരണിയുമായി മറ്റും കേരളത്തില്‍ എത്തിയതായി ചരിത്രകാരൻമാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പ്രാചീന കാലത്ത് ക്ഷേത്രത്തില്‍ നിവേദ്യമായി പടച്ചോറും തൈരും ഉപ്പുമാങ്ങയും ഉണ്ടായിരുന്നതായി പഴമക്കാർ പറയുന്നു.
ഉപ്പു മാങ്ങ മറ്റും സൂക്ഷിക്കാൻ ഇത് ഉപയോഗിച്ചിരിക്കാനാണ് സാധ്യത. എന്നാല്‍ ഇവ എങ്ങനെ ക്ഷേത്രത്തില്‍ എത്തിയെന്നത് സംബന്ധിച്ച് കൃത്യമായ രേഖകളോ തെളിവുകളോ ലഭ്യമല്ല.
പരശുരാമനാല്‍ നിർമിക്കപ്പെട്ട 108 ക്ഷേത്രങ്ങളില്‍ ഒന്നാണ് പടിഞ്ഞാറ്റിൻകര മഹാദേവർ ക്ഷേത്രം.
പതിനാലാം നൂറ്റാണ്ട് മുതല്‍ ഇളയിടത്തു സ്വരൂപത്തിന്റെ ആസ്ഥാനമായിരുന്നു കൊട്ടാരക്കര. പിന്നാലെയാണ് കൊട്ടാരക്കര മഹാദേവന് ഇളയിടത്തപ്പൻ എന്ന വിളിപ്പേര് വന്നു ചേർന്നത്.
