മഞ്ഞപ്പിത്ത ഉറവിട പരിശോധന: തളിപ്പറമ്പിലെ ഓപ്പറേഷൻ ജില്ല മുഴുവൻ വ്യാപിപ്പിക്കാൻ ആരോഗ്യ വകുപ്പ്

 


കണ്ണൂർ: തളിപ്പറമ്പ് മാതൃകയിൽ ജില്ലയിലെ മുഴുവൻ നഗരങ്ങളിലെയും കുടിവെള്ള സ്രോതസുകളെക്കുറിച്ച് ആരോഗ്യ വകുപ്പ് അന്വേഷിക്കും. തളിപ്പറമ്പ് നഗരത്തിൽ കുടിവെള്ളം വിതരണം ചെയ്യുന്ന  മറ്റ് അഞ്ചു ഏജൻസികളുടെ കുടിവെള്ളം കൂടി പരിശോധിക്കാൻ നഗര സഭക്ക് ആരോഗ്യ വകുപ്പ് കത്ത് നൽകി. 

ജില്ലയിലെ നഗരങ്ങളിലെ നീർച്ചാലുകളും തോടുകളും ഒഴുകുന്നതിന് സമീപമുള്ള കിണറുകൾ ഉൾപ്പെടെയുള്ള കുടിവെള്ളസ്രോതസ്സുകൾ കുടിക്കാൻ യോഗ്യമാണോ എന്ന് പരിശോധിക്കും. അത്തരം കുടിവെള്ള സ്രോതസ്സുകളുടെ ശുദ്ധീകരണതിനായി ബന്ധപ്പെട്ടവർക്ക് നിർദേശം നൽകും.

തളിപ്പറമ്പിലെ മഞ്ഞപ്പിത്ത പകർച്ചവ്യാധി നിയന്ത്രിക്കുന്നതിനുള്ള ഉറവിട പരിശോധനയും ബോധവത്കരണ പ്രവർത്തനങ്ങളും ഊർജിതമായി തുടരുന്നു. 

മഞ്ഞപ്പിത്ത കേസുകൾ  റിപ്പോർട്ട് ചെയ്യപ്പെട്ട ഒമ്പതോളം വാർഡുകൾ കേന്ദ്രീകരിച്ചു 400 ഓളം വീടുകൾ  ഹെൽത്ത് ഇൻസ്പെക്ടർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സുമാർ, ആശ പ്രവർത്തകർ എന്നിവർ  സന്ദർശിച്ചു. രോഗികളുള്ള വീടുകളിൽ രോഗ പകർച്ച തടയുന്നതിനുള്ള നിർദേശങ്ങൾ നൽകി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പിയുഷ് എം നമ്പൂതിരിപ്പാട് ആരോഗ്യ വകുപ്പിന്റെ മഞ്ഞപ്പിത്ത നിയന്ത്രണ പരിപാടികൾ വിലയിരുത്തി. 

ശുദ്ധമായ കുടിവെള്ളം ഉറപ്പു വരുത്തുന്നതിനും പകർച്ച വ്യാധി തടയുന്നതിനുമുള്ള ശക്തമായ നടപടികളുമായി മുന്നോട്ടു പോകുന്നതിനു നിർദേശം നൽകി.

ജില്ലയിൽ മഞ്ഞപ്പിത്ത ബോധ വൽക്കരണത്തിനായി ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന 'തെളിച്ചം ക്യാമ്പയിൻ വിപുലമാക്കും. പച്ച വെള്ളം കുടിക്കുന്ന ശീലം മാറ്റാൻ പച്ചയിൽ നിന്നു മഞ്ഞയാകാൻ അധിക സമയം വേണ്ട എന്ന പ്രചരണ പരിപാടി നടപ്പിലാക്കും.

നഗരങ്ങളിലുൾപ്പെടെയുള്ള കടകളിൽ നിന്നും മറ്റും ലൈം, ജ്യൂസ്, ഐസ്, എന്നീ പാനീയങ്ങൾ ഉണ്ടാക്കുന്നത് തിളപ്പിച്ച് ആറ്റിയ വെള്ളത്തിലോ ബി പ്ലസ്, അൾട്രാ വയലറ്റ് ഫിൽറ്റർ (യു വി ഫിൽറ്റർ) വെള്ളത്തിലോ ആയിരിക്കണം എന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു.ഹോട്ടലുകളിൽ നിന്നു ഭക്ഷണത്തോടൊപ്പം നൽകുന്ന കുടിവെള്ളത്തിൽ ചൂട് ശമിപ്പിക്കാൻ പച്ച വെള്ളം കലർത്തുന്നത് കർശനമായി വിലക്കും.

ഹെൽത്ത് കാർഡുകൾ ഇല്ലാതെ ജീവനക്കാരെ ജോലിക്കെടുക്കുന്ന ഹോട്ടലുകളുടെ പ്രവർത്തനം തടയും. ജില്ലയിലെ മഞ്ഞപ്പിത്ത പരിശോധനയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ജില്ലയിലെ വീടുകളിലെ നല്ലൊരു ശതമാനം കിണറുകളും ഇ കോളി ബാക്റ്റീരിയ മൂലം മലിനമാണ് എന്നു കണ്ടെത്തിയിട്ടുണ്ട്. 

മിക്കവാറും വീടുകൾക്ക് സ്ഥല ലഭ്യത കുറവായതിനാൽ കിണറും സെപ്റ്റിക് ടാങ്കും വീടിനടുത്ത് തന്നെ  സ്ഥിതി ചെയുന്നതാണ് ഇതിനു കാരണം. മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള കരൾ രോഗം വരാൻ  ഇത്തരം സാഹചര്യം ഇടയാക്കും എന്ന് ആരോഗ്യ വകുപ്പ് കാണുന്നു. 20 മീറ്ററോളം ദൂരത്തിൽ സെപ്റ്റിക് ടാങ്ക് സ്ഥിതി ചെയ്യുന്ന വീട്ടിലെ കിണറിൽ പോലും വിസർജ്യത്തിൽ കാണപ്പെടുന്ന ഇ കോളിയുടെ സാനിധ്യം കണ്ടെത്തുകയുണ്ടായി. ശാസ്ത്രീയമായി കക്കൂസ് ടാങ്കുകൾ നിർമ്മിക്കാത്തതും ഇത് ഒരു കാരണമാണ് എന്ന് കരുതുന്നു.

ഈ സാഹചര്യത്തിൽ സ്വന്തം വീട്ടിലെ കിണർ വെള്ളം പരിശോധിച്ച്  ഇ കോളി സാനിധ്യമില്ല എന്ന് ഉറപ്പ് വരുത്താൻ എല്ലാവരും തയ്യറാകണം.

ഇതിന്റെ ഭാഗമായി 2025 ജനുവരി ഒന്ന് മുതൽ ഏഴ് വരെ കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനെറ്റ് ചെയ്യുന്നതിന് ക്ലോറിനേഷൻ വാരം ആചരിക്കും. ഇതിന്റെ ഭാഗമായി  വീടുകളിലെയും പൊതുവായ കിണറുകളും ക്ലോറിനേറ്റ് ചെയ്ത് ശുദ്ധീകരിക്കുന്നതിന് പൊതു ജനങ്ങളോട് ആരോഗ്യ വകുപ്പ് നിർദേശിച്ചു.

വളരെ പുതിയ വളരെ പഴയ