പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, പി പ്രസാദ്, ഒ.ആർ കേളു എന്നിവരുടെ നേതൃത്വത്തിലുള്ള കണ്ണൂർ ജില്ലയിലെ താലൂക്ക് അദാലത്തുകൾക്ക് തിങ്കളാഴ്ച തുടക്കമാവും. കണ്ണൂർ താലൂക്ക് അദാലത്ത് തിങ്കളാഴ്ച രാവിലെ 10 മുതൽ കണ്ണൂർ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ നടക്കും. ഡിസംബർ ആറ് വരെ ലഭിച്ച പരാതികൾ അദാലത്തിൽ തീർപ്പാക്കും. തുടർന്ന് മന്ത്രിമാർ പൊതുജനങ്ങളിൽനിന്ന് പുതിയ പരാതികൾ സ്വീകരിക്കും.
അദാലത്ത് ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് പരാതി സമർപ്പിക്കാവുന്നതാണ്.
പരാതി സ്വീകരിക്കാനുള്ള അവസാന ദിവസമായിരുന്ന ഡിസംബർ ആറ് വരെ ജില്ലയിൽ ആകെ 1013 അപേക്ഷകളാണ് ലഭിച്ചത്. കണ്ണൂർ താലൂക്ക്-293, തലശ്ശേരി-204, തളിപ്പറമ്പ്-193, പയ്യന്നൂർ-162, ഇരിട്ടി-161 എന്നിങ്ങനെയാണ് താലൂക്കുകളിൽ ലഭിച്ച പരാതികളുടെ എണ്ണം.
തലശ്ശേരി താലൂക്ക് അദാലത്ത് ഡിസംബർ 10 ചൊവ്വാഴ്ച രാവിലെ 10 മുതൽ തലശ്ശേരി കോടിയേരി ബാലകൃഷ്ണൻ സ്മാരക മുനിസിപ്പൽ ടൗൺ ഹാളിലാണ്. തളിപ്പറമ്പ് താലൂക്ക് അദാലത്ത് ഡിസംബർ 12 വ്യാഴാഴ്ച രാവിലെ 10 മുതൽ തളിപ്പറമ്പ് മിനി സിവിൽ സ്റ്റേഷൻ വളപ്പിലും പയ്യന്നൂർ താലൂക്ക് അദാലത്ത് ഡിസംബർ 13 വെള്ളിയാഴ്ച രാവിലെ 10 മുതൽ പയ്യന്നൂർ ശ്രീവത്സം ഓഡിറ്റോറിയത്തിലും നടക്കും. ഡിസംബർ 16 തിങ്കളാഴ്ച രാവിലെ 10 മുതൽ ഇരിട്ടി തന്തോട് സെൻറ് ജോസഫ് ചർച്ച് ഹാളിലാണ് ഇരിട്ടി താലൂക്ക് അദാലത്ത്.
