Zygo-Ad

എറണാകുളം സി ബി ഐ കോടതി വിധി പ്രസ്താവനയെ മുൻനിർത്തി ജില്ലയില്‍ കനത്ത സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തി.


കാസർഗോഡ്: പെരിയ, കല്യോട്ട് രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ വിധി എറണാകുളം സി ബി ഐ കോടതി പ്രസ്താവിക്കുന്നത് മുൻനിർത്തി ജില്ലയില്‍ കനത്ത സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തി.

സംഘർഷം ഉണ്ടാകുന്നത് തടയാൻ ശക്തമായ നടപടികള്‍ സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം.

കല്ല്യോട്ടെ സി പി എം, കോണ്‍ഗ്രസ് നേതാക്കളെ കരുതല്‍ തടങ്കലില്‍ എടുക്കുന്നതുള്‍പ്പെടെ ആലോചിക്കുന്നുണ്ട്. പാർട്ടി ഓഫീസുകള്‍ക്കും നേതാക്കളുടെ വ്യാപാര സ്ഥാപനങ്ങള്‍ക്കും പൊലീസ് കാവല്‍ ഏർപ്പെടുത്തിയിട്ടുണ്ട്. 

പൊലീസ് ബന്തവസ് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്നലെ പെരിയ കല്ല്യോട്ട് പൊലീസ് റൂട്ട് മാർച്ച്‌ നടത്തി. കല്ല്യോട്ട് മുതല്‍ എച്ചിലടുക്കം വരെയുള്ള മൂന്ന് കിലോ മീറ്റർ ദൂരത്തില്‍ നടത്തിയ റൂട്ട് മാർച്ചില്‍ 150 ഓളം പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു. 

ബേക്കല്‍ ഡിവൈ.എസ്.പി വി. വി മനോജ്, എ എസ് .പി ഡോ. അപർണ്ണ, ഇൻസ്‌പെക്ടർമാരായ കെ.പി ഷൈൻ ബേക്കല്‍, സന്തോഷ് മേല്‍പറമ്പ്, രാജേഷ് അമ്പലത്തറ എന്നിവരും പത്ത് എസ്.ഐമാരും റൂട്ട് മാർച്ചിന് നേതൃത്വം നല്‍കി. വെള്ളിയാഴ്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേരുന്നതിന് ശേഷമായിരുന്നു പൊലീസ് റൂട്ട് മാർച്ച്‌.

മൊബൈല്‍ പട്രോളിംഗ്, പൊലീസ് പിക്കറ്റ് 

ഇന്ന് രാവിലെ മുതല്‍ പൊലീസ് സംഘം പെരിയ കല്ല്യോട്ട് ഭാഗങ്ങളില്‍ മൊബൈല്‍ പട്രോളിംഗ് നടത്തും. സംശയകരമായ സാഹചര്യത്തില്‍ കാണുന്നവരെ കസ്റ്റഡിയിലെടുക്കും. പ്രധാന കേന്ദ്രങ്ങളില്‍ പിക്കറ്റ് പോസ്റ്റും ഏർപ്പെടുത്തിയിട്ടുണ്ട്. കാസർഗോഡ് ജില്ലാ പൊലീസ് മേധാവി ഡി.ശില്‍പ്പയുടെ മേല്‍നോട്ടത്തിലായിരിക്കും പൊലീസ് സുരക്ഷാ സന്നാഹങ്ങള്‍.

പെരിയ, കല്യോട്ട്, ഏച്ചിലടുക്കം തുടങ്ങിയ പ്രദേശങ്ങള്‍ കനത്ത പൊലീസ് നിരീക്ഷണത്തിലായിരിക്കും. ഈ പ്രദേശങ്ങളില്‍ പൊലീസ് മുഖം നോക്കാതെ നടപടി എടുക്കുമെന്ന് ബേക്കല്‍ ഡിവൈ.എസ്.പി വി വി മനോജ് പറഞ്ഞു.

2019ലെ ഫെബ്രുവരി 17ലെ ആ രാത്രി 

2019 ഫെബ്രുവരി 17 ന് രാത്രിയിലാണ് കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ ശരതാലും കൃപേഷും കൊല്ലപ്പെട്ടത്. തന്നിത്തോട്ട് വച്ച്‌ സഞ്ചരിച്ചിരുന്ന ബൈക്കു തടഞ്ഞു നിർത്തി ഒരു സംഘം സി.പി.എം പ്രവർത്തകർ ഇരുവരെയും വെട്ടിക്കൊന്നുവെന്നാണ് കേസ്. 

തുടക്കത്തില്‍ ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിർദ്ദേശ പ്രകാരം സി ബി.ഐയ്ക്കു കൈമാറി. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ 14 പേരെയാണ് കേസില്‍ പ്രതി ചേർത്തത്. സി പി. എം പെരിയ ലോക്കല്‍ കമ്മറ്റി അംഗമായിരുന്ന എ.പീതാംബരൻ ആണ് കേസിലെ ഒന്നാം പ്രതി. സി.ബി.ഐ അന്വേഷണത്തില്‍ സി പി എം നേതാക്കളായ കെ വി കുഞ്ഞിരാമൻ അടക്കം 10 പേരെ കൂടി പ്രതി ചേർത്തു.

വളരെ പുതിയ വളരെ പഴയ