കോഴിക്കോട്: ജില്ലയിൽ പിടിമുറുക്കി മഞ്ഞപ്പിത്തം. പ്രതിദിനം മഞ്ഞപ്പിത്തം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുതിച്ചുയരുകയാണ്. പല വിധ ആവശ്യങ്ങൾക്കായി കോഴിക്കോട് ജില്ലയെ ആശ്രയിക്കുന്നവരാണ് അടുത്ത ജില്ലക്കാർ . ആയതിനാൽ രോഗം മറ്റു ജില്ലകളിലേക്കും പടരാനുള്ള സാധ്യത ഏറെയാണ്. രോഗികളായും കൂട്ടിരിപ്പുകാരായും കോഴിക്കോട് മെഡിക്കൽ കോളേജിലെത്തുന്നവർ ചുരുക്കമല്ല.
ഒക്‌ടോബർ മുതല്‍ ഇതു വരെ 225 പേർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. ഈ മാസം ആദ്യ വാരത്തില്‍ മാത്രം 54 പേർക്കാണ് രോഗമുണ്ടായത്. രോഗ ലക്ഷണങ്ങളുണ്ടാവുകയും ലാബ് പരിശോധന നടത്താത്തതുമായ രോഗികള്‍ ഇതിന്‍റെ ഇരട്ടിയോളം വരും.
മുൻ വർഷങ്ങളേക്കാള്‍ അഞ്ചിരട്ടിയധികമാണ് വർധന. 2022 ല്‍ 249 പേർക്കാണ് ഹെപ്പറ്റൈറ്റിസ് എ ബാധിച്ചിരുന്നത്. ഈ വർഷം രണ്ടര മാസം കൊണ്ട് മാത്രം 479 പേരാണ് രോഗബാധിതരായത്. മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി രോഗ തീവ്രത കൂടിയതായാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. രോഗം ബാധിച്ചവർക്ക് നേരത്തെ ചെറിയ ചികിത്സ കൊണ്ടു തന്നെ ഭേദമാകാറുണ്ടായിരുന്നു.
രോഗ ലക്ഷണങ്ങള്‍ പതിയെ അടങ്ങി, രോഗ വിമുക്തിയിലേക്ക് നീങ്ങുകയായിരുന്നു പതിവ്. എന്നാല്‍ ഇപ്പോള്‍ പലതരം സങ്കീർണതകള്‍ കാരണം രോഗികള്‍ ഗുരതരാവസ്ഥയിലേക്ക് മാറുകയും മരണം വരെ സംഭവിക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്.
കുടിവെള്ളവും ഭക്ഷണവും വഴിയാണ് രോഗപ്പകർച്ചയുണ്ടാകുന്നത്. വിവാഹം പോലുള്ള ചടങ്ങുകള്‍, പൊതു കുടിവെള്ള സ്രോതസുകള്‍ എന്നിവ വഴിയെല്ലാം രോഗ ബാധയുണ്ടാകുന്നുണ്ട്. ശുചിത്വമില്ലാത്ത വെള്ളത്തിലുണ്ടാക്കിയ ഐസ് രോഗബാധയ്ക്ക് കാരണമാകുന്നുണ്ട്. ശീതള പാനീയങ്ങള്‍, സംഭാരം, ഐസ്‌ക്രീം എന്നിവയില്‍ ചേർക്കുന്ന വെള്ളം ശുദ്ധമല്ലാത്തത് മഞ്ഞപ്പിത്തം പെരുകാൻ കാരണമാകുന്നുണ്ട്.
ഐഐഎസ്‌ആർ, സിഡബ്ല്യുആർഡിഎം തുടങ്ങിയ സ്ഥാപനങ്ങള്‍ നടത്തിയ പരിശോധനയില്‍ ഇ കോളി ഉള്‍പ്പെടെയുള്ള അണുക്കള്‍ കുടിവെള്ളത്തില്‍ കണ്ടെത്തിയിരുന്നു. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ജ്യൂസ് കടകളില്‍ തിളപ്പിച്ചാറിയതോ വിശ്വസിക്കാവുന്ന പ്യൂരിഫയറില്‍ നിന്ന് എടുത്തതോ ആയ വെള്ളം ഉപയോഗിക്കണം. തിളപ്പിച്ച വെള്ളത്തില്‍ പച്ചവെള്ളം ഒഴിച്ചു തണുപ്പിക്കാതിരിക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി.