2015 ജനുവരി 22 ന് മുസ്ലിംലീഗ് ക്രിമിനലായ തെയ്യമ്പാടി ഇസ്മായിലിൻ്റെ നേതൃത്വത്തിലുള്ള സംഘം കൊലപ്പെടുത്തിയ ഷിബിന്റെ കൊലപാതക കേസിലെ വിദേശത്തുള്ള ഒന്നാം പ്രതിയായ തെയ്യമ്പാടി ഇസ്മയിലിനെ നാട്ടിലെത്തിക്കാൻ നടപടി ആരംഭിച്ച് പൊലീസ്.
തെയ്യമ്പാടി ഇസ്മയിലിന് എതിരെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കും. നാദാപുരം പൊലീസ് ഹൈക്കോടതിയിലെ ഗവൺമെന്റ് പ്ലീഡറിൽ നിന്ന് ഈ കാര്യത്തിൽ നിയമോപദേശം തേടി. കേസിലെ പ്രതികളായ 7 മുസ്ലിം ലീഗ് പ്രവർത്തകർക്കും കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയതോടെ ഇസ്മയിൽ ഒഴികെയുള്ള ആറു പ്രതികളും വിദേശത്തുനിന്ന് നാട്ടിലെത്തിയിരുന്നു.
നാദാപുരത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെയും യുവജന പ്രസ്ഥാനത്തിനെതിരെയും നിരന്തരമായി കടന്നാക്രമണം നടത്തി കൊലപാതകങ്ങൾ നടത്തി അഴിഞ്ഞാടിയ മുസ്ലിംലീഗ് ക്രിമിനൽ രാഷ്ട്രീയത്തിനേറ്റ കനത്ത പ്രഹരമാണ് ഹൈക്കോടതി വിധിയെന്നും വിധിയെ സ്വാഗതം ചെയ്യുന്നതായും വിധി വന്ന സമയം ഡിവൈഎഫ്ഐ പ്രതികരിച്ചിരുന്നു.