തലശ്ശേരി: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി നൽകിയ അപകീർത്തി കേസിൽ പി.വി. അൻവർ എം.എൽ.എ. ഡിസംബർ 20-ന് ഹാജരാകാൻ തലശ്ശേരി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് ഉത്തരവായി. അൻവർ ഉന്നയിച്ച ആരോപണം പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നാവശ്യപ്പെട്ട് ശശി അഡ്വ.കെ. വിശ്വൻ മുഖേന വക്കീൽ നോട്ടീസ് അയച്ചിരുന്നു.
നോട്ടീസ് കൈപ്പറ്റി മറുപടി നൽകാത്തതിനെ തുടർന്നാണ് കേസ് നൽകിയത്. പി.ശശിയുടെ ഇംഗിതത്തിന് വഴങ്ങാത്ത എ.ഡി.എമ്മിന് പണി കൊടുക്കാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ശശി ഉപയോഗിച്ചതായി 17-ന് പാലക്കാട് അൻവർ ആരോപിച്ചിരുന്നു.
സി.പി.എം. സംസ്ഥാന സെക്രട്ടറി മുമ്പാകെ നൽകിയ പരാതിയുടെ പകർപ്പ് ഫെയ്‌സ്ബുക്ക് പേജിലുടെ പരസ്യപ്പെടുത്തി തേജോവധം ചെയ്തെന്നാരോപിച്ച് പി. ശശി നേരത്തേ അൻവറിന് വക്കീൽ നോട്ടീസ് അയച്ചിരുന്നു.
.jpg)