കണ്ണൂർ: പാവപ്പെട്ട രക്ഷിതാക്കളെ വലയിലാക്കി മക്കള്‍ക്ക് വിദേശ ജോലിയും പെണ്‍മക്കളുടെ വിവാഹത്തിന് സ്വർണവും പണവും ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തി വന്ന കുപ്രസിദ്ധ തട്ടിപ്പുകാരൻ കണ്ണൂർ പോലീസിന്‍റെ പിടിയില്‍.
തൃശൂർ എടക്കര വില്ലേജ് ഓഫീസിനു സമീപത്തെ കെ. കുഞ്ഞിമോനെയാണ് (53) കണ്ണൂർ ടൗണ്‍ എസ്‌എച്ച്‌ഒ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മൈസൂരുവില്‍ വച്ച് അറസ്റ്റ് ചെയ്തത്.
കാസർഗോഡ് സ്വദേശി അൻസാറിന്‍റെ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. ഒരു പള്ളിയില്‍ വച്ച് അൻസാറിനെ പരിചയപ്പെട്ട പ്രതി അൻസാറിന്‍റെ മകന് താമരശേരിയിലെ ഒരു ചാരിറ്റി സ്ഥാപനം മുഖേന വിദേശത്ത് ജോലി ലഭ്യമാക്കി തരാമെന്നും മകളുടെ വിവാഹത്തിന് സ്വർണമുള്‍പ്പടെയുള്ളവ ലഭ്യമാക്കുമെന്നും വിശ്വസിപ്പിച്ചു.
വിദേശ ജോലിക്കായി മെഡിക്കല്‍ പരിശോധന, മറ്റ് കാര്യങ്ങള്‍ എന്നിവയ്ക്കായി 60,000 രൂപ ചെലവ് വരുമെന്ന് പറഞ്ഞ് പണം കൈപ്പറ്റി. ഇക്കഴിഞ്ഞ സെപ്റ്റംബർ 26ന് പ്രതി അൻസാറുമായി ബന്ധപ്പെടുകയും ചാരിറ്റി സ്ഥാപന നടത്തിപ്പുകാരിലെ പ്രമുഖൻ കണ്ണൂരിലെ ഒരാശുപത്രിയില്‍ ചികിത്സയിലുണ്ടെന്നും വന്നു കാണണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.
പെണ്‍കുട്ടിയുടെ കൈയിലുള്ള സ്വർണം കൊണ്ടു വന്ന് ചാരിറ്റി പ്രവർത്തകനെ കാണിച്ച് കുടുംബത്തിന്‍റെ അവസ്ഥ ബോധ്യപ്പെടുത്തിയാല്‍ നാലു പവൻവരെ അവർ നല്‍കുമെന്നും വിശ്വസിപ്പിച്ചു. ഇതു പ്രകാരം ഇതു പ്രകാരം അൻസാർ സ്വർണവുമായി ആശുപത്രിക്ക് സമീപം എത്തിയപ്പോള്‍ പ്രതി കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. സ്വർണം തന്ത്രപൂർവം കൈവശപ്പെടുത്തി ചാരിറ്റി പ്രവർത്തകൻ കിടക്കുന്ന മുറിയിലേക്ക് പോയെങ്കിലും ആശുപത്രിയില്‍ വച്ച് പ്രതി സമർഥമായി മുങ്ങി.
പ്രതി പറഞ്ഞു കൊടുത്ത മുറിയില്‍ എത്തിയപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ടത് അൻസാർ അറിയുന്നത്. ഉടൻ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ആശുപത്രിയിലെ സിസിടിവി ക്യാമറ ദൃശ്യം ഉള്‍പ്പടെ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിയുന്നത്.
കോഴിക്കോട്, തൃശൂർ, എറണാകുളം ജില്ലകളില്‍ ഉള്‍പ്പടെ സംസ്ഥാനത്തിന്‍റെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ സമാന തട്ടിപ്പു കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
പലയിടങ്ങളിലും പല പേരുകളിലാണ് ഇയാള്‍ തട്ടിപ്പ് നടത്തി പോന്നിരുന്നത്. ചിലയിടങ്ങളില്‍ സർക്കാർ ജീവനക്കാരനാണെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പത്തിലധികം സിം കാർഡുകളും പ്രതിയുടെ കൈയിലുണ്ടായിരുന്നു.
ഒരോയിടത്തും തട്ടിപ്പ് നടത്തുന്നതിന് ഉപയോഗിക്കുന്ന സിം പിന്നീട് എറെക്കാലം ഉപയോഗിക്കാതെ മാറ്റി വെക്കുന്നതാണ് പ്രതിയുടെ രീതി. എസ് ഐമാരായ അജയൻ, ഷാജി, സിവില്‍ പോലീസ് ഓഫീസർമാരായ നാസർ, ഷെലേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.