കണ്ണൂർ: സംസ്ഥാനത്ത് തുലാവർഷം ദുർബലമായതിനെ തുടർന്ന് താപനില വർധിച്ചു. വടക്കൻ കേരളത്തിൽ കഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. കേന്ദ്ര കാലാവസ്‌ഥ വകുപ്പിന്റെ കണക്ക് പ്രകാരം കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെ ഉയർന്ന ചൂട് കണ്ണൂർ വിമാന താവളത്തിലാണ് രേഖപ്പെടുത്തിയത്.
ഇന്നലെ 36.7 ഡിഗ്രി സെൽഷ്യസും ഞായർ, തിങ്കൾ ദിവസങ്ങളിൽ 36.8 ഡിഗ്രി സെൽഷ്യസുമാണ് രേഖപ്പെടുത്തിയത്. കാലാവസ്ഥ വകുപ്പിന്റെ തന്നെ ഓട്ടമാറ്റിക് സ്റ്റേഷനുകളിൽ കഴിഞ്ഞ നാല് ദിവസങ്ങളിലായി 35-40 ഡിഗ്രി സെൽഷ്യസിന് ഇടയിലാണ് ഉയർന്ന ചൂട് രേഖപ്പെടുത്തുന്നത്.
വടക്കൻ കേരളത്തിലാണ് കൂടുതൽ വരണ്ട അന്തരീക്ഷം. ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂനമർദം തമിഴ്നാട്, ആന്ധ്രാ തീരത്തിന് സമീപത്താണുള്ളത്. നാളെ മുതൽ സംസ്‌ഥാനത്ത് തുലാവർഷം സജീവമാകാൻ സാധ്യത.