കണ്ണൂർ: ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് മുസ്‌ലിം ലീഗ് നേതാവ് കെ.എം.ഷാജി.
പി.കെ.കുഞ്ഞനന്ദൻ്റെ മരണം ആസൂത്രിതമായ ഭക്ഷ്യവിഷബാധയേറ്റുള്ള മരണമാണെന്ന് ഞാൻ പറഞ്ഞപ്പോൾ കേസെടുക്കാൻ ധൈര്യം കാണിക്കാതെന്തെന്ന് കെ. എം.ഷാജി സമ്മേളനത്തിൽ പറഞ്ഞു.
എൻ്റെ നേർക്ക് കുരച്ച് ചാടിയ എം.വി ഗോവിന്ദൻ കേസെടുത്താൽ കൈവിറക്കുമെന്നും കുഞ്ഞനന്തൻ വിഷയം കേരള രാഷ്ട്രീയത്തിൽ വീണ്ടും രാഷ്ട്രീയ ചർച്ചയാകുന്നത് സി പി എം ന് ഇഷ്ടമല്ലെന്നും ഷാജി കുറ്റപ്പെടുത്തി.
ഈ ആരോപണത്തിൽ എൻ്റെ പേരിൽ ഒരു എഫ്ഐആർ ഇട്ടാൽ അതിൻ്റെ പ്രത്യാഘാതം എന്താണെന്ന് നിങ്ങൾക്കറിയാമെന്നും ഞങ്ങളെയെല്ലാം വേട്ടയാടുന്ന പി.ശശിക്ക് എൻ്റെ പേരിൽ കേസെടുക്കാൻ പറ്റാത്തത് വെറുതെയെല്ലെന്നും ഷാജി പറഞ്ഞു. കരിയാട് മേഖല മുസ്ലിം ലീഗ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവർ കൊല്ലപ്പെട്ടിട്ടുണ്ട്. രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോൾ കൊന്നവരെ കൊല്ലുമെന്നും ഷാജി പറഞ്ഞു.
ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ 13ാം പ്രതിയായ കുഞ്ഞനന്തൻ ജയിൽ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ 2020 ജൂണിലാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. അതേസമയം, ടി.പി. വധത്തിൽ കുഞ്ഞനന്തന് പങ്കില്ലെന്ന നിലപാടാണ് സി.പി.എമ്മിന്.