പാലക്കാട്: ഷൊർണൂരില്‍ ട്രെയിൻ തട്ടി നാല് മരണം. തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കേരള എക്സ്പ്രസ്സ് ട്രെയിൻ തട്ടിയാണ് അപകടം.
ഷൊര്‍ണൂര്‍ പാലത്തില്‍ ഇന്ന് ഉച്ചയ്ക്കു ശേഷമായിരുന്നു സംഭവം. റെയില്‍വെയുടെ കരാർ ജീവനക്കാരായ ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. തമിഴ്നാട് സേലം സ്വദേശികളായ ലക്ഷ്മണ്‍, വള്ളി, ലക്ഷ്മണ്‍, റാണി എന്നിവരാണ് മരിച്ചത്. ഇതില്‍ മൂന്ന് പേരുടെ മൃതദേഹം ലഭിച്ചു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. പുഴയിലേക്ക് വീണ ഒരാളുടെ മൃതദേഹം പുറത്തെടുക്കാൻ ശ്രമം നടക്കുകയാണ്.
ഷൊർണൂർ പാലത്തില്‍ വച്ചാണ് അപകടം. ഇവിടെ സിഗ്നല്‍ ഇല്ലാതിരുന്നതിനാല്‍ ട്രെയിൻ വരുന്നത് അറിയാതെ റെയില്‍വേ ട്രാക്കില്‍ നിന്നും മാലിന്യം ശേഖരിക്കുന്നതിനിടെയാണ് അപകടം. നിലവില്‍ മൂന്ന് പേരുടെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. ഒരാള്‍ ട്രെയിൻ തട്ടി പുഴയിലേക്ക് വീണതായും ദൃക്‌സാക്ഷികള്‍ പറയുന്നു.
പൊലീസിൻെറയും റെയില്‍വേ പൊലീസിന്റെയും നേതൃത്വത്തില്‍ സ്ഥലത്ത് പരിശോധനകള്‍ നടക്കുകയാണ്. കാണാതായ ഒരാള്‍ക്കായി പുഴയിലും തെരച്ചില്‍ നടക്കുന്നുണ്ട്. ഇതിനായി നീന്തല്‍ വിദഗ്ധരെ അടക്കം പ്രദേശത്ത് എത്തിച്ചിട്ടുണ്ട്. അതേസമയം അപകടസമയത്ത് 5 പേർ ട്രാക്കിലുണ്ടായിരുന്നതായും അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നു. ഇത് സംബന്ധിച്ച കൂടുതല്‍ സ്ഥിരീകരണം വന്നിട്ടില്ല.
