കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 14ന്; പിപി ദിവ്യ പങ്കെടുക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം


കണ്ണൂർ: നവംബർ 14ന് നടക്കുന്ന ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് തിരഞ്ഞെടുപ്പില്‍ മുൻ പ്രസിഡൻ്റ് പി പി ദിവ്യ വോട്ടു ചെയ്തേക്കും.

ദിവ്യയോട് ജില്ലാ പഞ്ചായത്തംഗമെന്ന പദവി രാജിവയ്ക്കാൻ പാർട്ടി ജില്ലാ നേതൃത്വം ഇതുവരെ ആവശ്യപ്പെടാത്ത സാഹചര്യത്തിലാണിത്. അഡ്വ കെകെ രത്നകുമാരിയാണ് എല്‍ഡിഎഫ് സ്ഥാനാർത്ഥി. 

ജില്ലാ പഞ്ചായത്ത് അംഗങ്ങളില്‍ ഭൂരിപക്ഷവും എല്‍ഡിഎഫിൻ്റെതാണ്. അതുകൊണ്ടുതന്നെ വിജയിക്കാൻ രത്ന കുമാരിക്ക് തടസമുണ്ടാവില്ലെന്നാണ് വിലയിരുത്തല്‍. പിപി ദിവ്യസ്ഥാനമൊഴിഞ്ഞതിനു ശേഷം കണ്ണൂർ ജില്ലാ പഞ്ചായത്ത് ഭരണം അനിശ്ചിതത്വത്തിലാണ്.

പ്ലാൻ ഫണ്ട് പാസാക്കുന്നതിനായി വൈസ് പ്രസിഡൻ്റായ അഡ്വ. ബിനോയ് കുര്യൻ യോഗം വിളിച്ചു ചേർത്തിരുന്നുവെങ്കിലും പ്രതിപക്ഷ ബഹളത്താല്‍ പിരിച്ചു വിടുകയായിരുന്നു. പിപി ദിവ്യ ജില്ലാ പഞ്ചായത്ത് അംഗത്വം രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ജുബിലി ചാക്കോ, എൻപി ശ്രീധരൻ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രതിഷേധം ഉയർത്തിയത്. 

ഇതോടെയാണ് യോഗം പിരിച്ചു വിട്ടതായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനോയ് കുര്യൻ യോഗം പിരിച്ചു വിട്ടത്. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്തേക്ക് പ്രതിപക്ഷം മത്സരിക്കുമെന്നാണ് സൂചന.

എന്നാല്‍ ദിവ്യ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനെത്തിയാല്‍ പ്രതിഷേധിക്കാനും ബഹിഷ്കരിക്കാനും സാധ്യതയുണ്ട്. എഡി എമ്മിൻ്റെ മരണത്തില്‍ വിവാദ മൊഴി നല്‍കിയ കണ്ണൂർ കലക്ടർ അരുണ്‍ കെ വിജയനാണ് മുഖ്യ ഭരണാധികാരി .

സിപിഎമ്മിനായികലക്ടർ വ്യാജമൊഴി നല്‍കിയെന്ന് ആരോപിച്ച്‌ തൽ സ്ഥാനത്തു നിന്നും മാറ്റി നിർത്തണമെന്ന് ആവശ്യപ്പെട്ട് കലക്ടറേറ്റ് മാർച്ച്‌ ഉള്‍പ്പെടെ കോണ്‍ഗ്രസും മുസ്ലിം ലീഗും നടത്തിയിരുന്നു.  ഈ സാഹചര്യത്തില്‍ കലക്ടർ നിയന്ത്രിക്കുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തി വിട്ടേക്കും.

ഇതിനിടെ എഡിഎം കെ നവീൻ ബാബുവിന്റെ ആത്മഹത്യ പ്രേരണ കേസില്‍ ജാമ്യം ലഭിച്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ്‌ പി പി ദിവ്യ അന്വേഷണ സംഘ ഉദ്യോഗസ്ഥന് മുൻപില്‍ ഹാജരായി. എല്ലാ തിങ്കളാഴ്ച്ചയും ഹാജരാകണമെന്ന കോടതിയിലെ ജാമ്യ ഉത്തരവിലെ ഉപാധിയെ തുടർന്നാണിത്. 

കണ്ണൂർ ടൗണ്‍ സ്‌റ്റേഷനിലെ എസ്‌എച്ച്‌ഒ ആയ ശ്രീജിത്ത് കോടേരിക്ക് മുന്നിലാണ് തിങ്കളാഴ്ച്ച രാവിലെ 11 മണിക്ക് പിപി ദിവ്യ ഹാജരായത്. രജിസ്‌റ്ററില്‍ ഒപ്പ് രേഖപ്പെടുത്തിയതിന് ശേഷം പതിനൊന്ന് മണിയോടെയാണ് ദിവ്യ മടങ്ങിയത്. ജില്ലാ പഞ്ചായത്തംഗം കെ.വി ബിജു, അഭിഭാഷകനായ വിഷ്‌ണുദേവ് എന്നിവരും ദിവ്യയോടൊപ്പമുണ്ടായിരുന്നു.


നേരത്തെ അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്ന് പിപി ദിവ്യ വ്യക്തമാക്കിയിരുന്നു. കേസില്‍ ജില്ലാ കലക്ടർ അരുണ്‍ കെ വിജയന്റെ മൊഴി വീണ്ടും എടുക്കേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. എഡിഎം കുറ്റസമ്മതം നടത്തിയെന്ന കലക്ടറുടെ മൊഴി സംശയകരമാണെന്ന് നവീൻ ബാബുവിന്റെ കുടുംബം ആരോപിച്ചിരുന്നു. 

പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതിന് ശേഷം ഇതുവരെ നവീൻ ബാബുവിന്റെ കുടുംബത്തിന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടില്ല. അതിനിടെ കണ്ണൂർ ടൗണ്‍ സ്‌റ്റേഷനില്‍ തടിച്ചു കൂടിയ മാധ്യമ പ്രവർത്തകരോട് ദിവ്യ പ്രതികരിച്ചില്ല. തനിക്കൊന്നും പറയാനില്ലെന്നായിരുന്നു വിവാദ വിഷയങ്ങള്‍ ചോദ്യമായി ഉയർന്നതോടെ പിപി ദിവ്യയുടെ പ്രതികരണം.

വളരെ പുതിയ വളരെ പഴയ