തുലാവർഷത്തിന്റെ ആദ്യപാദമായ ഒക്ടോബറിൽ കേരളത്തിൽ സാധാരണ ലഭിക്കാറുള്ളതിനേക്കാൾ 22 ശതമാനം മഴ കുറവ്. ഒക്ടോബർ 20-ന് ആരംഭിക്കാറുള്ള തുലാവർഷം ഇത്തവണ 16-നുതന്നെ എത്തിയതാണ്. തുടക്കത്തിൽ പല ദിവസങ്ങളിലും ഭേദപ്പെട്ട മഴപെയ്തു. പിന്നീട് കുറഞ്ഞു
ഒക്ടോബറിൽ സാധാരണ 306 മി.മീ. മഴയാണ് കേരളത്തിൽ ലഭിക്കേണ്ടത്. ഇത്തവണ പക്ഷേ, സംസ്ഥാന ശരാശരി 240 മി.മീ. മാത്രമാണ്.
22 ശതമാനം കുറവ്. തുലാവർഷത്തിൽ പൊതുവേ തെക്കൻ ജില്ലകളെ അപേക്ഷിച്ച് വടക്കൻകേരളത്തിൽ മഴ കുറവായാണ് കാണാറുള്ളത്. എന്നാൽ ഒക്ടോബറിൽ കൂടുതൽ മഴപെയ്തത് കോഴിക്കോട്ടാണ്. 375 മി.മീറ്റർ. പൊതുസംസ്ഥാന ശരാശരിയെക്കാൾ 28 ശതമാനം കൂടുതൽ. തിരുവനന്തപുരത്ത് ഒക്ടോബറിൽ 310 മി.മീ. മഴ കിട്ടി.16ശതമാനം കൂടുതൽ. കാലവർഷ മഴയിൽ ഏറ്റവും പിന്നിലായിരുന്ന തിരുവനന്തപുരത്ത് തുലാവർഷം മെച്ചമായി.
കാസർകോട്ട് പൊതുസംസ്ഥാന ശരാശരിയുടെ പകുതിയോളമേ കിട്ടിയുള്ളൂ- 121 മി.മീ. മാത്രം.ഇടയ്ക്ക് ദന ചുഴലിക്കാറ്റും അറബിക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയും വന്നതോടെ വടക്കുകിഴക്കൻ മൺസൂൺ ദുർബലമായതാണ് മഴ കുറയാൻ കാരണമായതെന്ന് കാലാവസ്ഥാ വിദഗ്ധനായ രാജീവൻ എരിക്കുളം പറഞ്ഞു.
നവംബർ മൂന്നുവരെ ഉച്ചയ്ക്കുശേഷം കേരളത്തിലങ്ങോളമിങ്ങോളം ഇടിയോടുകൂടിയ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണം.
ചിലയിടങ്ങളിൽ മഴ ശക്തമാവും. അതുകൊണ്ടുതന്നെ മഴക്കെടുതികൾക്ക് സാധ്യതകൂടും. മലയോര മേഖലകളിലുള്ളവരും മറ്റും ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്. മഴസാധ്യതയുള്ളപ്പോൾ പുഴകളിലും മറ്റും ഇറങ്ങുന്നത് ഒഴിവാക്കണം.
ഉച്ചയ്ക്കുശേഷം ഇടിമിന്നലുകളോടെയാണ് മഴയെത്തുക. മഴയില്ലാത്ത ദിവസങ്ങളിൽ രാവിലെ നല്ല ചൂട് അനുഭവപ്പെടുന്നത് തുലാവർഷത്തിന്റെ രീതിയാണ്. നവംബറിൽ തുലാവർഷം സജീവമാകുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ നിഗമനം. ഒക്ടോബറിലേക്കാൾ കൂടുതൽ മഴ ലഭിക്കും.
