ഇന്ത്യക്കാർക്കായി കഴിഞ്ഞ ദിവസം പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB) ഫാക്‌ട് ചെക്ക് വിഭാഗം ഒരു മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇല്ലാത്ത റിവാർഡിന്റെ പേരില്‍ എസ്ബിഐ ഉപയോക്താക്കളെ കബളിപ്പിക്കുന്ന ഒരു തട്ടിപ്പിനെതിരേയാണ് പിഐബിയുടെ മുന്നറിയിപ്പ്.
അതായത് എസ്ബിഐ ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ റിവാർഡ് ലഭിക്കും എന്ന തരത്തില്‍ പ്രചരിക്കുന്ന സന്ദേശത്തില്‍ വിശ്വസിക്കരുത് എന്നാണ് മുന്നറിയിപ്പിന്റെ ചുരുക്കം.
ഗവണ്‍മെൻ്റിൻ്റെ നോഡല്‍ ഏജൻസിയായ പിഐബി സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയും പ്രചരിക്കുന്ന വ്യാജ വാർത്തകള്‍ക്കും സന്ദേശങ്ങളും പരിശോധിക്കുകയും അവ തെറ്റാണ് എന്ന് ബോധ്യപ്പെട്ടാല്‍ തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെ പരസ്യമായി അറിയിക്കുകയും ചെയ്യാറുണ്ട്. അത്തരമൊരു പുതിയ മുന്നറിയിപ്പിലാണ് എസ്ബിഐ ഉപയോക്താക്കളോട് ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
എസ്ബിഐ റിവാർഡ് ലഭിക്കും എന്ന പേരില്‍ വാട്സ്‌ആപ്പ് വഴി അടുത്തിടെയായി ഒരു ടെക്സ്റ്റ് മെസേജ് പ്രചരിക്കുന്നുണ്ട്. '' നിങ്ങളുടെ എസ്ബിഐ നെറ്റ്ബാങ്കിങ് റിവാർഡിന്റെ കാലാവധി ഉടൻ കഴിയുമെന്നും അത് നേടണമെങ്കില്‍ ഉടൻ എസ്ബിഐ ആപ്പ് ഇൻസ്റ്റാള്‍ ചെയ്ത് റിവാർഡ് ക്ലെയിം ചെയ്യണം'' എന്നുമാണ് മെസേജില്‍ പറയുന്നത്. അതിന്റെയൊപ്പം APK ഫയലും നല്‍കുന്നുണ്ട്.
എന്നാല്‍ ഈ മെസേജ് പൂർണ്ണമായും തെറ്റാണെന്നും എസ്ബിഐ റിവാർഡുകള്‍ ക്ലെയിം ചെയ്യുന്നതിനായി എസ്ബിഐ ലിങ്കുകള്‍/ APK ഫയലുകള്‍ (ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഫയലുകള്‍) എന്നിവ എസ്‌എംഎസ്, വാട്സ്‌ആപ്പ് മാർഗങ്ങളിലൂടെ അയയ്ക്കാറില്ല എന്ന് പിഐബി വ്യക്തമാക്കുന്നു. ഇത്തരം സന്ദേശങ്ങള്‍ക്കൊപ്പമെത്തുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ, ആപ്ലിക്കേഷനുകള്‍ ഇൻസ്റ്റാള്‍ ചെയ്യുകയോ ചെയ്യരുത്.
ഉപയോക്താക്കളുടെ ബാങ്ക് ഡീറ്റയില്‍സ്, പാസ് വേഡുകൾ തുടങ്ങിയ പല നിർണാകയമായ വിവരങ്ങളും ചോർത്താൻ കഴിയും വിധം തയാറാക്കിയിരിക്കുന്ന മാല്‍വെയർ സോഫ്‌റ്റ്‌വെയറോ APK ഫയലുകളോ ആയിരിക്കും ഇത്തരം സന്ദേശങ്ങള്‍ക്കൊപ്പം ഉണ്ടാകുക. അതില്‍ ക്ലിക്ക് ചെയ്യുന്നതോടെ അപകടം ക്ഷണിച്ചുവരുത്തുകയാണ് ചെയ്യുന്നത്. ഇത്തരം ഫയലുകള്‍ ഇൻസ്റ്റാള്‍ ചെയ്താല്‍ പിന്നീട് ഉപയോക്താവിൻ്റെ അറിവില്ലാതെ ഡാറ്റ മോഷ്ടിക്കാൻ ഹാക്കർമാർക്ക് സാധിക്കുമെന്ന് സൈബർ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു.
കേന്ദ്ര സർക്കാരും സൈബർ സുരക്ഷാ വിദഗ്ധരും എസ്ബിഐ ഉപഭോക്താക്കളോടും മറ്റ് ബാങ്കുകളുടെ ഉപഭോക്താക്കളോടും ഏറെ ശ്രദ്ധിച്ചു വേണം ഓണ്‍ലൈനില്‍ ഇടപെടല്‍ നടത്താൻ എന്ന് ആവശ്യപ്പെടുന്നു.
സുരക്ഷ ഉറപ്പാക്കാൻ ചില നിർദേശങ്ങളും നല്‍കിയിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനം ഗൂഗിള്‍ പ്ലേ സ്റ്റോർ, ആപ്പിള്‍ ആപ്പ് സ്റ്റോർ പോലുള്ള സുരക്ഷിത സ്രോതസുകളില്‍ നിന്ന് മാത്രം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുക എന്നതാണ്.
അജ്ഞാത ഉറവിടങ്ങളില്‍ നിന്ന് എത്തുന്ന എസ്‌എംഎസ്, വാട്സ്‌ആപ്പ് ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്യരുത്. എസ്ബിഐ റിവാർഡുമായി ബന്ധപ്പെട്ട എന്തെങ്കിലും സംശയങ്ങള്‍ ഉണ്ട് എങ്കില്‍ 1800-209-8500 എന്ന നമ്പറിൽ വിളിച്ച് പരിശോധിച്ചുറപ്പിക്കാം.
സംശയാസ്പദമായ എന്തെങ്കിലും മെസേജുകള്‍ ലഭിച്ചാല്‍ ബാങ്കില്‍ റിപ്പോർട്ട് ചെയ്യുക അല്ലെങ്കില്‍ സർക്കാരിൻ്റെ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിന്റെ സഹായം തേടുക.