അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ വീട്ടില്‍ മോഷണം; ഹോം നഴ്‌സ്‌ അറസ്‌റ്റില്‍

 


കൊച്ചി: പിഡിപി നേതാവ് അബ്ദുള്‍ നാസർ മഅ്ദനിയുടെ വീട്ടില്‍ നിന്ന് സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ച ഹോം നഴ്സ് അറസ്റ്റില്‍.

തിരുവനന്തപുരം പാറശാല സ്വദേശി ധനുവച്ചപുരം കൊറ്റമം ഷഹാന മൻസിലില്‍ റംഷാദ് (23)നെയാണ് എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കലൂർ ദേശാഭിമാനി റോഡിലെ വീട്ടില്‍ നിന്നാണ് ഏഴ് പവൻ സ്വർണവും 7500 രൂപയും മോഷണം പോയത്. കിടപ്പു മുറിയിലെ അലമാരയ്ക്കുള്ളില്‍ സൂക്ഷിച്ച സ്വർണവും പണവും മോഷണം പോയതായി ഞായറാഴ്ചയാണ് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടർന്ന് മഅ്ദനിയുടെ മകൻ സലാഹുദീൻ അയ്യൂബി എളമക്കര പൊലീസില്‍ പരാതി നല്‍കി. 

വീട്ടിലെയും സമീപത്തെയും സിസിടിവി ദൃശ്യം പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഹോം നഴ്സായ റംഷാദിനെ കസ്റ്റഡിയിലെടുത്ത് ഇന്നലെ പൊലീസ് സ്റ്റേഷനില്‍ വച്ച് ചോദ്യം ചെയ്തപ്പോള്‍ ഇയാളുടെ മലദ്വാരത്തില്‍ ഒളിപ്പിച്ച രണ്ട് പവന്റെ കൈച്ചെയിൻ കണ്ടെടുത്തു. 

അവശേഷിക്കുന്നതില്‍ കുറേ സ്വർണം വില്‍ക്കാനായി കൂട്ടുകാരനെ ഏല്‍പ്പിച്ചെന്നും വെളിപ്പെടുത്തി. കൂട്ടുകാരനായി തെരച്ചില്‍ നടത്തി വരികയാണ്. വിവിധ സ്റ്റേഷനുകളിലായി റംഷാദിനെതിരെ 30 മോഷണക്കേസുകളുണ്ട്.

മഅ്ദനിയുടെ വീട്ടിലെ ജോലിക്കാരനാണ് ഇയാള്‍. വീട്ടില്‍ കഴിയുന്ന മഅ്ദനിയുടെ പിതാവിനെ ശുശ്രൂഷിക്കുന്നത് റംഷാദായിരുന്നു. തിരുവനന്തപുരത്ത് 35 കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ റംഷാദ്. എളമക്കര പൊലീസാണ് പ്രതിയെ പിടികൂടിയത്.

എസ്.ഐ.മനോജ്, എ.എസ്.ഐ. മുജീബ്, സീനിയർ സി.പി.ഒ. അനീഷ്, സി.പി.ഒ ജിനുമോൻ, വനിതാ സി.പി.ഒ. ബുഷറ എന്നിവരുള്‍പ്പെട്ട സംഘമാണ് കേസ് അന്വേഷിക്കുന്നത്. മഅ്ദനി വൃക്കരോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഒരു മാസത്തോളമായി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

വളരെ പുതിയ വളരെ പഴയ