തിരുവനന്തപുരം: മുൻഗണനാ റേഷൻ കാർഡ് അംഗങ്ങൾക്ക് മസ്റ്ററിങ് അഥവാ ഇ-കെവൈസി അപ്ഡേഷൻ മൊബൈൽ ഫോണിലൂടെ ചെയ്യാൻ നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്റർ വികസിപ്പിച്ചെടുത്ത മേരാ ഇ-കെവൈസി ഫെയ്സ് ആപ് പ്രവർത്തന സജ്ജമായി. ഇതിനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആധാർ ഫെയ്സ് ആർഡി, മേരാ ഇ-കെവൈസി എന്നീ രണ്ട് ആപ്പുകൾ ഡൗൺലോഡ് ചെയ്യണം.
തുടർന്ന് മേരാ ഇ-കെവൈസി ആപ്പ് ഓപ്പൺ ചെയ്ത് സംസ്ഥാനം തിരഞ്ഞെടുത്ത് ആധാർ നമ്പർ എന്റർ ചെയ്യുക. ഇതിനുശേഷം ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള ഫോണിൽ ലഭിക്കുന്ന ഒടിപി നൽകി ഫെയ്സ് കാപ്ച്ചർ വഴി മസ്റ്ററിങ് പൂർത്തിയാക്കാം. ഇ-കെവൈസി ആപ് മുഖേന റേഷൻ മസ്റ്ററിങ് നടത്തുന്ന ആദ്യത്തെ സംസ്ഥാനമാണ് കേരളം.
മേരാ ഇ-കെവൈസി ആപ് ഉപയോഗിച്ച് പൊതു വിതരണ വകുപ്പ് ഉദ്യോഗസ്ഥർ പൂർണ്ണമായും സൗജന്യമായി മസ്റ്ററിങ് ചെയ്യും.
മറ്റേതെങ്കിലും സ്ഥാപനമോ വ്യക്തികളോ ഫീസ് ഈടാക്കി റേഷൻ മസ്റ്ററിങ് നടത്തുന്ന പക്ഷം വിവരം താലൂക്ക് സപ്ലൈ ഓഫീസിലോ ജില്ലാ സപ്ലൈ ഓഫീസിലോ സിവിൽ സപ്ലൈസ് കമ്മീഷണറേറ്റിലോ അറിയിക്കണമെന്ന് പൊതു വിതരണ ഉപഭോക്തൃ കമ്മീഷണർ അറിയിച്ചു.