എഡിഎമ്മിൻ്റെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍: കണ്ണൂര്‍ വിജിലൻസ് സി.ഐ ബിനു മോഹനെ സ്ഥലം മാറ്റി


കണ്ണൂര്‍: കണ്ണൂര്‍ വിജിലന്‍സ് സി ഐ ബിനു മോഹനെ സ്ഥലം മാറ്റി. ന്യൂ മാഹി പൊലീസ് സ്റ്റേഷനിലേക്കാണ് സ്ഥലംമാറ്റം.

എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ബിനു മോഹന്റെ പേരും ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ ആരോപണ വിധേയയായ മുന്‍ പഞ്ചായത്ത് പ്രഡിന്റ് പി പി ദിവ്യയുമായി ബന്ധപ്പെട്ട ബിനാമി ഇടപാടുകളില്‍ ബിനു മോഹന് പങ്കുണ്ടെന്ന ആരോപണം ബിജെ.പി ജില്ലാ അധ്യക്ഷൻ എൻ. ഹരിദാസ് വാർത്താ സമ്മേളനത്തില്‍ ഉന്നയിച്ചിരുന്നു. വ്യാപക ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ബിനു മോഹനെതിരെ നടപടി എടുത്തത്.

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യക്ക് പിന്നാലെ പി പി ദിവ്യക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു കണ്ണൂര്‍ വിജിലന്‍സ് സി ഐ ബിനു മോഹന്റെ പേരും ഉയര്‍ന്നുകേട്ടത്. പി പി ദിവ്യയുടെ ബിനാമി കമ്പനിയെന്ന് ആരോപണം നേരിടുന്ന കാര്‍ട്ടണ്‍ കമ്പനിയുടെ ഡയറക്ടര്‍ ബിനു മോഹന്റെ സഹോദരനായ ബിജു മോഹനാണെന്നുള്ള ആരോപണം ഉയര്‍ന്നിരുന്നു.

എഡിഎമ്മിന്റെ മരണത്തില്‍ പി പി ദിവ്യയെ സംരക്ഷിക്കുന്ന നിലപാടാണ് ബിനു മോഹന്‍ സ്വീകരിച്ചതെന്നും വിമര്‍ശനം ഉയര്‍ന്നു. പെട്രോള്‍ പമ്പ് ഉടമ പ്രശാന്തനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് ബിനു മോഹനായിരുന്നു. ഇതിലൂടെ പി പി ദിവ്യയെ സഹായിക്കുന്ന നിലപാടാണ് ബിനു മോഹന്‍ സ്വീകരിച്ചതെന്നും കോണ്‍ഗ്രസും ബിജെപിയും ആരോപിച്ചിരുന്നു. നേരത്തെ കണ്ണൂർ ടൗണ്‍ എസ്.എച്ച്‌.ഒയായിരുന്ന ബിനു മോഹനെ വിജിലൻസിലേക്ക് മാറ്റുകയായിരുന്നു.

വളരെ പുതിയ വളരെ പഴയ