നാദാപുരം: സൈനിക റിക്യൂട്ട്മെൻ്റ് റാലിക്കിടെ വീണ് തുടയെല്ല് പൊട്ടിയതിനെത്തുടർന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ യുവാവിന് അവസാന നിമിഷം ശസ്ത്രക്രിയ മാറ്റി വെച്ചതായി പരാതി.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആവിശ്യത്തിന് ജീവനക്കാർ ഇല്ലാത്തതാണ് അവസാന നിമിഷം ശസ്ത്രക്രിയ മാറ്റി വെച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. ശസ്ത്രക്രിയ മാറ്റി വച്ചതിന് തുടർന്ന് മജ്ജ രക്തത്തിലേക്കിറങ്ങി യുവാവ് വെന്റിലേറ്ററിലായി.
നാദാപുരം ചെക്യാട് ഓഡോറ നന്ദനത്തില്‍ അശ്വിൻ(24) നാണ് അടിയന്തര സാഹചര്യമായിട്ടും മൂന്ന് ദിവസം കഴിഞ്ഞുള്ള തീയ്യതി നല്‍കിയത്. വൈകിയാല്‍ ജീവൻ പോലും അപകടത്തിലാകുമെന്നതിനാല്‍ അശ്വിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണെന്ന് ബന്ധുക്കള്‍ പറയുന്നു.
അവിടെയെത്തി ഉടൻ തന്നെ ശസ്ത്രക്രിയ നടത്തിയെങ്കിലും കൊഴുപ്പ് രക്തത്തില്‍ കയറി ഹൃദയത്തെ ഉള്‍പ്പെടെ ബാധിച്ചിരുന്നു. ഇനി അശ്വിനെ രക്ഷിക്കണമെങ്കില്‍ എട്ട് ദിവസമെങ്കിലും വെന്റിലേറ്ററില്‍ തുടരേണ്ടി വരുമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മതിയായ ചികിത്സ ലഭിക്കാതതിനെ തുടർന്ന് അശ്വിന്റെ അച്ഛൻ ആരോഗ്യ മന്ത്രിക്ക് വിഷയം ചൂണ്ടിക്കാട്ടി പരാതി നല്‍കിയിട്ടുണ്ട്.
ആരോഗ്യ മന്ത്രിക്ക് അച്ഛൻ സുനില്‍ കുമാറിൻ്റെ പരാതി വായിക്കാം .
ഞാൻ ഒരു ടാക്സി ഡ്രൈവറായിരുന്നെന്നും വൃക്ക രോഗിയായതിനാല്‍ ഇപ്പോള്‍ ജോലിക്ക് പോകാൻ കഴിയുന്നില്ലെന്നും 24 വയസുള്ള എൻ്റെ മകൻ അശ്വിനെ ആശ്രയിച്ചാണ് ഞങ്ങളുടെ കുടുംബത്തിൻ്റെ മുന്നോട്ടുള്ള പ്രതീക്ഷയെന്നും അച്ഛൻ പരാതിയില്‍ സൂചിപ്പിക്കുന്നു.
സൈന്യത്തില്‍ ജോലി ലഭിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായി ഇക്കഴിഞ്ഞ 10 -11 - 2024ന് കോയമ്പത്തൂരില്‍ നടന്ന സൈനിക റിക്യൂട്ട് മെൻ്റ് റാലിയില്‍ പങ്കെടുത്തപ്പോള്‍ കൂട്ട ഓട്ടത്തിനിടെ തടഞ്ഞ് വീണ അശ്വിൻ്റെ ദേഹത്ത് ചവിട്ടേല്‍ക്കുകയും തുടയെല്ല് പൊട്ടുകയുമാണുണ്ടായത്.
ഉടൻ സൈനിക ഓഫീസർമാർ കോയമ്പത്തൂർ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു.
അടിയന്തിര ശസ്ത്രക്രീയ ആവശ്യമായതിനാല്‍ അവിടെ നിന്ന് ആംബുലൻസില്‍ കോഴിക്കോട് ഗവ. മെഡില്‍ കോളേജ് ആശുപത്രിയില്‍ അന്ന് വൈകിട്ട് മൂന്ന് മണിയോടെ എത്തിച്ചു.
തുടയെല്ല് പൊട്ടി മജ്ജ രക്തത്തില്‍ കലരാൻ തുടങ്ങിയതായും പക്ഷാഘാതത്തിനോ ഒരു പക്ഷേ ജീവൻ തന്നെ അപകടാവസ്ഥയിലോ ആകാൻ സാധ്യതയുണ്ടെന്നും ആയതിനാല്‍ അടിയന്തിര ശസ്ത്രക്രിയ നടത്തണമെന്ന് അത്യാഹിത വിഭാഗത്തില്‍ പരിശോധിച്ച ഡോക്ടർമാർ നിർദ്ദേശിച്ചു.
തിങ്കളാഴ്ച്ച ശസ്ത്രക്രിയ നടത്താൻ തയ്യാറായി കൊള്ളാൻ മെഡിക്കല്‍ കോളേജ് അധികൃതർ പറഞ്ഞു. പുലർച്ചെ ആറ് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ കാത്തിരുന്നിട്ടും ശസ്ത്രക്രിയ നടത്തിയില്ല എന്ന് പരാതിയില്‍ പറയുന്നു.