Zygo-Ad

കണ്ണൂർ നഗരത്തിലെ ആരാധനാലയത്തിൽ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ



കണ്ണൂർ : മോഷ്ടിച്ച സൈക്കിളുമായി ആരാധനാലയത്തിലെത്തി മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. തലശേരി തിരുവങ്ങാട് സ്വദേശി എകെ സിദ്ദിഖ് (60)നെയാണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടെരിയുടെ നേതുത്വത്തിലുള്ള സംഘം പിടികൂടിയത്. വീട് കുത്തി തുറന്ന് മോഷണം നടത്തിയതുൾപ്പെടെ നിരവധി കേസുകളിൻ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവാണ് സിദ്ദിഖ്. നവംബർ 17 ന് പള്ളിക്കുന്ന് സൂപ്രണ്ട് ഗേറ്റിന് സമീപത്തെ റജിന സുരേഷിൻ്റെ വീട്ടിലെ വരാന്തയിൽ വെച്ചിരുന്ന 17000 രൂപയോളം വിലവരുന്ന സൈക്കിൾ മോഷ്ടിച്ച പ്രതി മോഷ്ടിച്ച സൈക്കിളുമായാണ് ആരാധനാലയത്തിൽ കയറി മോഷണം നടത്തിയിരുന്നത്.

തളാപ്പിലെ സിഎസ്ഐ പള്ളിയുടെ ഓഫീസ് മുറിയിൽ കയറി സിസിടിവിയുടെ ഡിവിആർ പോർട്ടബിൾ സ്പീക്കർ എന്നിവയാണ് കൊണ്ടു പോയത്. ഞായറാഴ്ച്ചകളിൽ മാത്രമാണ് സിഎസ്ഐ പള്ളി തുറക്കാറുള്ളത് എന്നതിനാല്‍ മോഷണം വിവരം പുറത്തറിയാന്‍ വൈകി. വിവരം അറിഞ്ഞ ഉടനെ ടൗൺ പൊലിസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവിനെ പിടികൂടാനായത്.

തലശേരി, പാനൂർ, കൂത്തുപറമ്പ് ഉൾപ്പെടെ നിരവധി സ്റ്റേഷനുകളിലായി ഇരുപതോളം മോഷണ കേസുകളിൽ പ്രതിയാണ് പിടിയിലായ സിദ്ദീഖ്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. മോഷ്ടിച്ച സൈക്കിളും പ്രതിയിൽ നിന്ന് കണ്ടെടുത്തു. എസ് ഐ സവ്യസാചി , നാസർ, സൂരജ്, ഷിനോജ്, എന്നിവരും പ്രതിയെ പിടി കൂടിയ സംഘത്തിലുണ്ടായിരുന്നു. കണ്ണൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വളരെ പുതിയ വളരെ പഴയ