തലശ്ശേരി: എഡിഎം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് ചുമത്തിയ ആത്മഹത്യ പ്രേരണ കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യ തലശ്ശേരി ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു.
അഭിഭാഷകൻ കെ. വിശ്വൻ മുഖേന ബുധനാഴ്ച ഉച്ചയോടെയാണ് ഹർജി നൽകിയത്. നിർണായക സാക്ഷി മൊഴികൾ പലതും പോലീസ് കോടതിയിൽ നിന്നും മറച്ചുവെച്ചു എന്നാണ് ജാമ്യാപേക്ഷയിൽ പറയുന്നത്.
പ്രതിയുടെ അവകാശത്തിനു മേലുള്ള കടന്നു കയറ്റമാണ് പോലീസ് നടത്തിയതെന്ന് അപേക്ഷയിൽ പറയുന്നു തനിക്ക് തെറ്റുപറ്റിയെന്ന് എഡിഎം കളക്ടറോട് പറഞ്ഞതായി പോലീസ് റിപ്പോർട്ടിൽ ഉണ്ടായിരുന്നു. എന്നാൽ എന്ത് തെറ്റാണ് പറ്റിയതെന്ന് തുടർചോദ്യത്തിലൂടെ അറിയാൻ അന്വേഷണ ഉദ്യോഗസ്ഥൻ ശ്രമിച്ചില്ല. പ്രശാന്തൻ, ഗംഗാധരൻ തുടങ്ങിയവരുടെ നിർണായകമാകുന്ന സാക്ഷി മൊഴികൾ മിക്കതും പോലീസിന്റെ കയ്യിലുണ്ടെങ്കിലും കോടതിയിൽ നൽകിയില്ല, എന്നിങ്ങനെയുള്ള പോലീസിന്റെ വീഴ്ചകളാണ് ഹർജിയിൽ നൽകിയിരിക്കുന്നത്.