കണ്ണൂർ: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തില്‍ കളക്ടർ അരുണ്‍ കെ വിജയനെതിരെ ഉടൻ നടപടി ഉണ്ടായേക്കില്ല. റവന്യൂ വകുപ്പ് നിയോഗിച്ച അന്വേഷണ ഉദ്യോഗസ്ഥ എ. ഗീത ഐ.എ.എസിൻറെ റിപ്പോർട്ടില്‍ കളക്ടർക്ക് ക്ലീൻ ചിറ്റ് നല്‍കി. ആയതിനാൽ കളക്ടർക്ക് ഇനി ദീർഘകാല അവധിയില്‍ പ്രവേശിക്കാം.
ഇന്ന് റവന്യൂ മന്ത്രിക്ക് നല്‍കുന്ന റിപ്പോർട്ടില്‍ അരുണ്‍ കെ വിജയനെതിരെ പരാമർശങ്ങളില്ല. പി പി ദിവ്യ എഡിഎം നവീൻ ബാബുവിൻറെ യാത്രയയപ്പ് ചടങ്ങിലേക്ക് എത്തുന്നത് തനിക്ക് അറിയില്ലായിരുന്നുവെന്നും ക്ഷണം നല്‍കിയിരുന്നില്ലെന്നുമാണ് അരുണ്‍ മൊഴി നല്‍കിയത്.
അതേപോലെ, എഡിഎമ്മിനെ അധിക്ഷേപിക്കുമ്പോള്‍ തനിക്ക് ഇടപെടാൻ കഴിയില്ലായിരുന്നു. കാരണം പ്രോട്ടോക്കോള്‍ പ്രകാരം തന്നേക്കാള്‍ മുകളിലുള്ള ആളാണ് എന്ന മൊഴിയും അരുണ്‍ കെ വിജയൻ എ ഗീതയ്ക്ക് നല്‍കിയിരുന്നു.
എൻഒസി നല്‍കുന്നതില്‍ നവീൻ ബാബുവിന് കാലതാമസം വന്നിട്ടില്ലെന്നും കോഴ വാങ്ങിയിട്ടില്ലെന്നുമാണ് റിപ്പോർട്ടിലുള്ളത്. യാത്രയയപ്പ് ചടങ്ങിനിടെ ദിവ്യ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു നവീൻ ബാബു ജീവനൊടുക്കിയത്. എഡിഎം കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്ന് ആരോപിച്ച പി പി ദിവ്യ പത്തനംതിട്ടയില്‍ ഈ രീതിയില്‍ പ്രവർത്തിക്കരുതെന്നും പറഞ്ഞിരുന്നു.