ഇത്തവണ ചുരം കയറിയിരിക്കുകയാണ് ഓണം ബംപർ. സുത്താൻബത്തേരിയിലെ എൻജിആർ ലോട്ടറി കടയിൽ നിന്നും വിറ്റ TG434222 എന്ന ലോട്ടറിക്കാണ് ഇത്തവണത്തെ ഓണം ബംപറിന്റെ ഒന്നാം സമ്മാനമായ 25 കോടി രൂപ സമ്മാനമടിച്ചത്. ലോട്ടറി വിറ്റ ഏജന്റിന് 2.50 കോടി രൂപ ഏജൻസി കമ്മീഷൻ ലഭിക്കും. കൂലിപ്പണിക്കായി കേരളത്തിലെത്തി ലോട്ടറി ഏജന്റായി മാറിയ കർണാടക മൈസൂർ സ്വദേശിയാണ് ഇത്തവണത്തെ ഓണം ബംപറിലെ ഒരു കോടിപതി.
പനമനരത്തെ ഏജൻസിയിൽ നിന്നുമാണ് നാഗരാജു ടിക്കറ്റെടുത്തത്. ടിക്കറ്റ് ഒരു മാസം മുൻപ് വിറ്റതായി നാഗരാജു പറഞ്ഞു. സന്തോഷം കൊണ്ട് കൈ വിറച്ചുകൊണ്ടിരിക്കുകയാണ് എന്ന് പറഞ്ഞാണ് നാഗരാജു സംസാരം തുടങ്ങിയത്. കർണാടകയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും ആളെത്തുന്ന സ്ഥലമാണ് ബത്തേരി. ആരാണ് എടുത്തതെന്ന് അറിയില്ലെന്നും നാഗരാജു പറഞ്ഞു.
കർണാടക മൈസൂർ സ്വദേശിയായ നാഗരാജു 15 വർഷമായി വയനാട്ടിലുണ്ട്. ബത്തേരിയിൽ കൂലിപണിക്കായി വന്നതാണ്. പിന്നീട് ഹോട്ടൽ പണിയെടുത്തു. ബത്തേരിയിലെ പല ലോട്ടരി കടകളിലും ജോലിക്കാരനായി. 5 വർഷം മുൻപാണ് സ്വന്തം ലോട്ടറി കട തുറന്നത്. ആദ്യമായിട്ടാണ് ബംപറടിക്കുന്നത്. രണ്ട് മാസം മുൻപ് വിൻവിൻ ലോട്ടറിയിൽ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ സമ്മാനമടിച്ചിരുന്നതായും നാഗരാജു പറഞ്ഞു.