കുൽഗാമിൽ വീണ്ടും ചെങ്കൊടി പാറിച്ച് മുതിർന്ന സിപിഐഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി വിജയിച്ചു. കോൺഗ്രസ് – നാഷണൽ കോൺഫറൻസ് സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച 73കാരനായ തരിഗാമി, ജമാഅത്ത് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി സയ്യർ അഹമ്മദ് റഷിയെയാണ് പരാജയപ്പെടുത്തിയത്. പി.ഡി.പി സ്ഥാനാർത്ഥി മുഹമ്മദ് അമീൻ ദർ മൂന്നാം സ്ഥാനത്തെത്തി.
1967ൽ രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്ന തരിഗാമി, കുൽഗാം മേഖലയിലെ പ്രമുഖ നേതാക്കളിൽ ഒരാളായി മാറി. 1996 മുതൽ നാലു തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച അദ്ദേഹം, സിപിഐഎമ്മിന്റെ കേന്ദ്ര കമ്മറ്റിയംഗവും ഗുപ്കാർ മൂവ്മെന്റിന്റെ വക്താവുമാണ്. കശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയതുൾപ്പെടെ നിരവധി വിഷയങ്ങളിൽ അദ്ദേഹം സജീവമായി ഇടപെട്ടിട്ടുണ്ട്.
ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി കശ്മീർ ജമാഅത്തെ ഇസ്ലാമിയുമായി സഖ്യമുണ്ടാക്കിയതായി തരിഗാമി ആരോപിച്ചിരുന്നു. സി.പി.ഐ.എമ്മിനെ തോൽപ്പിക്കാനുള്ള നിഴൽ സഖ്യത്തിന്റെ രൂപീകരണമാണ് കശ്മീരിൽ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. തരിഗാമിയുടെ വിജയം ബിജെപിക്ക് വൻ തിരിച്ചടിയാണ്. അഞ്ചാം തവണയാണ് കുൽഗാം തരിഗാമിക്കൊപ്പം നിൽക്കുന്നത്.