ഇനി തൊഴിലുറപ്പിൽ പുല്ല് ചെത്തലും കാട് വെട്ടലും ഇല്ല.


കണ്ണൂർ: സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതികളില്‍ ഏറ്റവും അധികം നടക്കുന്ന പുല്ല് ചെത്തലും കാട് വെട്ടലും ഒഴിവാക്കി. പകരം മണ്ണ്, കൃഷി അനുബന്ധ മേഖലകളെ പരിപോഷിപ്പിക്കുന്ന ഉല്പാദനക്ഷമമായ പ്രവൃത്തികള്‍ ചെയ്യണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് ആവശ്യപ്പെട്ടു. നിലം ഉഴല്‍, വിതയ്ക്കല്‍, കൊയ്ത്ത്, ഭൂമി നിരപ്പാക്കല്‍, തട്ടുതിരിക്കല്‍ എന്നിവയും അനുവദിക്കില്ല. പൊതുഭൂമിയിലും സ്വകാര്യഭൂമിയിലും ജലസേചനത്തിനുള്ള കുളങ്ങള്‍, കിണറുകള്‍, പൊതുകുളങ്ങളുടെ പുനരുദ്ധാരണം, ജലസേചന ചാലുകളുടെ നിർമാണവും പുനരുദ്ധാരണവും, ഫലവൃക്ഷത്തൈകള്‍ നട്ടുപരിപാലിക്കല്‍, നാളികേര കൃഷി വ്യാപിപ്പിക്കാനുള്ള ഭൂമി ഒരുക്കല്‍, കുഴികള്‍ തയ്യാറാക്കി തൈ നടീല്‍, രണ്ട് വർഷത്തേക്ക് പരിപാലനം എന്നിവ ചെയ്യാം. ജൈവവേലി, കാർഷികോല്പന്ന സംഭരണകേന്ദ്രം, പശുവിൻകൂട്, ആട്ടിൻകൂട്, കോഴിക്കൂട്, പന്നിക്കൂട് എന്നിവ നിർമിക്കാം. തീറ്റപ്പുല്‍ കൃഷി ചെയ്യാം. അസോള ടാങ്ക്, മത്സ്യകൃഷിക്കുള്ള കുളം എന്നിവയും നിർമിക്കാം. ജലസേചന വകുപ്പിന്റെ അധീനതയിലുള്ള കനാലുകളുടെ സംരക്ഷണ പ്രവൃത്തികള്‍ ജലസേചന വകുപ്പിന്റെ അനുമതി, സാങ്കേതിക സഹായം എന്നിവയ്ക്ക് വിധേയമായി തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റെടുക്കാം. ഇത്തരം പദ്ധതി ഏറ്റെടുക്കുമ്പോള്‍ കേന്ദ്രസർക്കാരിന്റെ 2024-25 വാർഷിക മാസ്റ്റർ സർക്കുലർ പ്രകാരമുള്ള വ്യവസ്ഥകളും പാലിക്കണം. അങ്കണവാടികളുടെ നിർമാണം തൊഴിലുറപ്പ് പദ്ധതി വഴി ഗ്രാമപ്പഞ്ചായത്തുകള്‍ ഏറ്റെടുക്കണമെന്നും അതിനൊപ്പം പോഷകാഹാരക്കുറവ് പരിഹരിക്കാൻ ഇവിടം കേന്ദ്രീകരിച്ച്‌ പോഷകത്തോട്ടങ്ങള്‍ നിർമിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ