തലശ്ശേരി: എ ഡി എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് നീക്കം ഒഴിവാക്കാനായി പ്രതിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പിപി ദിവ്യ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു. മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വാദം കേൾക്കാനിരിക്കെയാണ് കോടതി മാറ്റിവെച്ചത്. 24 നാണ് ദിവ്യയുടെ ജാമ്യ ഹർജിയിൽ കോടതി വാദം കേൾക്കുക.
കേസ് 24 നു പരിഗണിക്കുമ്പോൾ പൊലീസ് റെക്കോർഡുകളും ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചു. നവീൻ ബാബുവിൻ്റെ ഭാര്യ വക്കാലത്ത് ബോധിപ്പിച്ചു. ജോൺ റാൽഫ്, പിഎം സജിത എന്നിവർ ഹാജരായി. ജാമ്യ ഹർജിക്കുള്ള ആക്ഷേപം ബോധിപ്പിക്കുന്നതിന് സമയം ആവശ്യപ്പെടുകയായിരുന്നു. അഡ്വ. കെ വിശ്വൻ പി.പി ദിവ്യക്ക് വേണ്ടി ഹാജരായി.
ദിവ്യയെ സംബന്ധിച്ചടുത്തോളം നിർണായകമാണ് കോടതിയുടെ ഇടപെടൽ. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കോടതി മുൻകൂർ ജാമ്യം അനുവദിച്ചില്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടക്കാനാണ് സാധ്യത.
