തൃശ്ശൂർ: സ്വർണനിധിക്ക് പാമ്പ് കാവൽനിൽക്കുന്ന കഥകളുണ്ട്. എന്നാൽ, പാമ്പ് ഒളിച്ച പൊത്തിൽ നിന്ന് സ്വർണമടങ്ങിയ പഴ്സ് കണ്ടെത്തിയത് തൃശ്ശൂർ തേക്കിൻകാട് മൈതാനത്താണ്. കുഞ്ഞുമൂർഖനെ പിടികൂടുന്നതിനിടെ വനംവകുപ്പ് തൃശ്ശൂർ ഡിവിഷനിലെ ഉദ്യോഗസ്ഥനായ ടി.എം. മിഥുൻ, സർപ്പവൊളന്റിയർ ശരത് മാടക്കത്തറ എന്നിവർക്കാണ് പഴ്സ് കിട്ടിയത്.
നെഹ്റു പാർക്കിന്റെ പ്രവേശനകവാടത്തിന് കുറച്ചു മാറിയാണ് പാമ്പിനെ കണ്ടത്. കൊടുങ്ങല്ലൂർ പറപ്പുള്ളിബസാർ ചെത്തിപ്പാടത്ത് ബാബുവിന്റെ മകൾ ഷാഗ്രഹ നടന്നുപോകുന്നതിനിടെ കാലിനു സമീപമാണ് പാമ്പിനെ കണ്ടത്. 'പാമ്പിന് ചവിട്ടേൽക്കാതിരുന്നതിനാലാണ് കടിയേൽക്കാതിരുന്നത്. പാമ്പ് സമീപത്തെ മരത്തിനുതാഴെയുള്ള പൊത്തിൽ ഒളിച്ചത് കണ്ടു. അവിടെയെത്തിയ ഒരു യുവാവ് വനംവകുപ്പിനെ അറിയിച്ചു. മിനിറ്റുകൾക്കുള്ളിൽ വനംവകുപ്പുദ്യോഗസ്ഥൻ എത്തി.' ഷാഗ്രഹ പറഞ്ഞു.
'പാമ്പിനെ പിടിക്കുന്ന ഉപകരണം ഉപയോഗിച്ച് പൊത്തിൽ തിരയുന്നതിനിടെ തവിട്ടുനിറമുള്ള പഴ്സ് കണ്ടു. നനഞ്ഞുകുതിർന്ന നിലയിലായിരുന്നു. പഴ്സ് തുറന്നുനോക്കിയപ്പോൾ പണമുണ്ടായിരുന്നില്ല. പഴ്സ് വെയിലത്തുണക്കി വീണ്ടും പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് കവറിൽ അടക്കംചെയ്ത സ്വർണ ഏലസ് കണ്ടത്. രേഖകളിൽ കടവല്ലൂരിലുള്ള 22-കാരന്റെ ഡ്രൈവിങ് ലൈസൻസ്, ആധാർകാർഡ് തുടങ്ങിയ രേഖകൾ. ഇതു മുഖേന ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് മിഥുൻ.
