കോഴിക്കോട്: എടിഎമ്മില്‍ നിറയ്ക്കാനായി കാറില്‍ കൊണ്ടു പോയ 25 ലക്ഷം രൂപ കവർന്നതായി പരാതി. മുളകു പൊടി വിതറി ഡ്രൈവറെ കെട്ടിയിട്ട് പണം കവർന്നതായാണ് പരാതി.എലത്തൂർ കാട്ടിലപീടികയിലാണ് അക്രമം.
യുവതിയടങ്ങുന്ന സംഘമാണ് ആക്രമണത്തിനു പിന്നിലെന്നു സുഹൈല്‍ പൊലീസിനോടു പറഞ്ഞു. കാറിനുള്ളില്‍ കെട്ടിയിട്ട നിലയിലാണ് പയ്യോളി സ്വദേശി സുഹൈലിനെ കണ്ടെത്തിയത്. ഇയാളുടെ മുഖത്തും ദേഹത്തും മുളകുപൊടി വിതറിയ നിലയിലായിരുന്നു. കൈയിലുണ്ടായിരുന്ന 25 ലക്ഷം രൂപ സംഘം തട്ടിയെടുത്തെന്നു സുഹൈല്‍ പറഞ്ഞു.
കാറില്‍ വരുന്നതിനിടെ യുവതി അടങ്ങുന്ന സംഘം ലിഫ്റ്റ് ചോദിച്ചെന്നും ഇവരാണ് പണം കവർന്നതെന്നുമാണ് സുഹൈല്‍ പറയുന്നത്. സ്വകാര്യ ബാങ്കിന്റെ എടിഎമ്മില്‍ നിറയ്ക്കാനായി കൊണ്ടു പോയ പണം കവർന്നതിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
