കേരളം :മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടിക്ക് ഇന്ന് എഴുപത്തി മൂന്നാം പിറന്നാള്‍. അഭിനയജീവിതത്തില്‍ അരനൂറ്റാണ്ട് പിന്നിടുമ്പോഴും നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്ന ഒരു അഭിനയവിദ്യാര്‍ത്ഥിയാണ് ഇപ്പോഴും മമ്മൂക്ക.ഒരു അഭിനേതാവിന്റെ ഏറ്റവും വിലയ ഉപകരണം സ്വന്തം ശരീരം തന്നെയാണ്. ശരീരത്തിന്റെ ചെറുചലനങ്ങള്‍ക്ക് പോലും അഭിനയത്തില്‍ നിര്‍ണായ സ്ഥാനമാണുള്ളത്. മുഖഭാവങ്ങള്‍ക്കപ്പുറം അവകൂടി ചേരുമ്പോഴാണ് അഭിനയം പൂര്‍ണതയിലെത്തുന്നത്. പ്രായം മമ്മൂട്ടിക്ക് പിറകെ ചലിക്കുന്ന അക്കങ്ങള്‍ മാത്രം.
1971ല്‍ കെഎസ് സേതുമാധവന്‍ സംവിധാനം ചെയ്ത അനുഭവങ്ങള്‍ പാളിച്ചകളിലും 1973ല്‍ കെ നാരായണന്‍ സംവിധാനം ചെയ്ത കാലചക്രത്തിലും അപ്രധാനവേഷങ്ങള്‍ ചെയ്ത് സിനിമയില്‍ അരങ്ങേറ്റം കുറിച്ച മമ്മൂട്ടിയുടെ പേര് ആദ്യമായി രേഖപ്പെടുത്തിയത് 1980ല്‍ ആസാദ് സംവിധാനം ചെയ്ത ‘വില്‍ക്കാനുണ്ട് സ്വപ്നങ്ങളിലായിരുന്നു’.
ഇന്ത്യന്‍ സിനിമയെ വിസ്മയിപ്പിച്ചുകൊണ്ട് കാലത്തെ അതിജീവിക്കുന്ന കഥാപാത്രങ്ങള്‍ മമ്മൂട്ടിയിലൂടെ പിറവിയെടുത്തുകൊണ്ടേയിരുന്നു. ഒരു വടക്കന്‍ വീരഗാഥയിലെ ചന്തുവും മൃഗയയിലെ വാറുണ്ണിയും സൂര്യമാനസത്തിലെ പുട്ടുറുമീസും പൊന്തന്‍മാടയിലെ മാടയും വാത്സല്യത്തിലെ രാഘവനുമൊക്കെയായി എത്രയെത്ര വേഷങ്ങള്‍. അഭിനയജീവിതത്തില്‍ അമ്പതാണ്ടുകള്‍ക്കുശേഷവും അഭിനിവേശത്തിന് തെല്ലും കുറവില്ല.
തേച്ച് മിനുക്കും തോറും തിളക്കവും മൂല്യവും വര്‍ധിക്കുന്ന രത്‌നം പോലെയാണ് മമ്മൂട്ടി. മലയാളത്തിനപ്പുറം വിവിധ ഇന്ത്യന്‍ ഭാഷാ സിനിമകളിലും മമ്മൂട്ടി വേഷമിട്ടു. ഒടുങ്ങാത്ത അഭിനിവേശത്തോടെ അഭിനയത്തില്‍ ഈ നടന്‍ അനുദിനം സ്വയം നവീകരിച്ചുകൊണ്ടിരിക്കുന്നു. അസാധാരണമായ ഈ അതിജീവനത്തിന്റെ രഹസ്യം അതല്ലാതെ മറ്റൊന്നുമല്ല.