വയനാട്: വയനാട് പൊന്നടയിൽ ഉരുൾപൊട്ടലിൽ കുടുംബത്തെയും വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് പുതിയ വീടൊരുങ്ങുന്നു. പതിനൊന്നര സെൻ്റ് ഭൂമിയിൽ 1,500 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് നിർമിക്കുന്നത്. ടി സിദ്ദിഖ് എം.എൽ.എ വീടിന് തറക്കല്ലിട്ടതായി അദ്ദേഹം തന്നെ ഫേസ്ബുക്കിലൂടെ വിവരം പങ്കുവച്ചു.
തൃശൂർ, ചാലക്കുടി സ്വദേശികളായ ഡെനിഷ് ഡേവിസ്, ഇനോക്ക് ജോസഫ് ആൻ്റണി എന്നിവരാണ് വീടിന് ധനസഹായം നല്‍കുന്നത്. നിർമാണത്തിന് 35 ലക്ഷം രൂപയോളം ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. അപകടത്തില്‍ പരുക്കേറ്റ ശ്രുതി കല്‍പ്പറ്റയിലെ താല്‍ക്കാലിക പുനരധിവാസ കേന്ദ്രത്തില്‍ കഴിയുമ്പോഴാണ് ഈ സഹായം എത്തുന്നത്. തറക്കല്ലിടുന്നത് ആംബുലൻസിലിരുന്നാണ് ശ്രുതി കണ്ടത്.
ഉരുൾപ്പൊട്ടലിൽ രക്ഷിതാക്കളേയും സഹോദരിയെയും നഷ്ടപ്പെട്ട ശ്രുതിക്ക് വിവാഹത്തിനായി കരുതിവെച്ച പണവും ആഭരണങ്ങളും കൂടി നഷ്ടമായിരുന്നു. ചൂരല്‍മലയിലെ പുതിയ വീടിന്‍റെ ഗൃഹപ്രവേശനം പൂര്‍ത്തിയായി കല്യാണ ഒരുക്കത്തിലേക്ക് കടക്കുമ്പോഴാണ് ഉരുള്‍പൊട്ടലുണ്ടായത്. രക്ഷിതാക്കളുടെ വിയോഗത്തോട് പൊരുത്തപ്പെട്ടുവരുന്നതിനിടെയായിരുന്നു താങ്ങായ പ്രതിശ്രുത വരൻ ജെൻസന്റെ വാഹാനപകടത്തിലുള്ള മരണവും.