പുതുച്ചേരി സാമൂഹിക ക്ഷേമ വകുപ്പുമായി സഹകരിച്ച് ഭിന്നശേഷിക്കാരുടെ മാഹിയിലെ കൂട്ടായ്മയായ കരുണ അസോസിയേഷൻ്റെ നേതൃത്വത്തിലുള്ള വാർഡുതല യോഗത്തിന് മാഹിയിൽ തുടക്കമായി. മാഹി ശ്രീനാരായണ കോളേജിൽ നടന്ന യോഗത്തിൽ മാഹിയിലെ മഞ്ചക്കൽ, പുഴിത്തല, വളവിൽ, ചൂടിക്കൊട്ട അംഗനവാടികളിൽ നിന്നുള്ള 90 ഓളം വരുന്ന ഭിന്നശേഷിക്കാരുടെ യോഗമാണ് നടന്നത്. ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും അവരുടെ അവകാശങ്ങളെ കുറിച്ചും സംസാരിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി ചെമ്പ്ര, ചാലക്കര, പള്ളൂർ, പന്തക്കൽ കേന്ദ്രീകരിച്ച് അടുത്ത ദിവസങ്ങളിൽ യോഗം നടക്കും. യോഗ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽ പെടുത്തും.
മാഹി തണൽ സ്പെഷ്യൽ സ്കൂൾ അധ്യാപകൻ സുജിൻ ഓർക്കാട്ടേരി മോട്ടിവേഷൻ ക്ലാസ് നൽകി ഉദ്ഘാടനം ചെയ്തു. കരുണ അസോസിയേഷൻ പ്രസിഡന്റ് സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ശിവൻ തിരുവങ്ങാട് പ്രവർത്തനങ്ങളെ പറ്റി വിശദീകരിച്ചു. സജീർ ചെറുകല്ലായി, രതി കോട്ടായി സംസാരിച്ചു.