കണ്ണൂർ ആരോഗ്യരംഗം ജില്ലയിലും ഡിജിറ്റൽ യുഗത്തിലേക്ക് മാറുന്നു. ജില്ലാ ആസ്പത്രിയിലെ അമ്മയും കുഞ്ഞും വിഭാഗം ഒ പിയിൽ ഇ-ഹെൽത്ത് പദ്ധതിക്ക് തുടക്കമായി.
തലശ്ശേരി ജനറൽ ആസ്പത്രിയിൽ ഒ പി ടിക്കറ്റ് വിതരണം കഴിഞ്ഞ ദിവസം മുതൽ ഇ-ഹെൽത്ത് മുഖേനയായി. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ജനറൽ ഒ പി., സ്പെഷ്യാലിറ്റി ഒ പി. എന്നിവ ഇ ഹെൽത്ത് വഴിയായിട്ടുണ്ട്.
ജില്ലാ ആസ്പത്രിയിലെ ജനറൽ ഒ.പിയിൽ ഇ-ഹെൽത്ത് സംവിധാനം ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്.
ഇ-ഹെൽത്ത് സംവിധാനം വരുന്നതോടെ മുൻകൂട്ടിയുള്ള ഓൺലൈൻ ബുക്കിങ് വഴി നിശ്ചിത തീയതിയിലും സമയത്തും ഡോക്ടറുടെ സേവനം തേടാം.
വീട്ടിലിരുന്ന് ബുക്ക് ചെയ്യാവുന്ന സംവിധാനം താമസിയാതെ വരും. ഡോക്ടർമാർക്കും ആസ്പത്രിയിൽ എത്തുന്ന രോഗികൾക്കും അത് സൗകര്യമാവും. ഒ പിയിലെ തിരക്ക് കുറയ്ക്കാനും സാധിക്കും.
ഇ-ഹെൽത്ത് വഴിയുള്ള സേവനങ്ങൾ ലഭിക്കാൻ ആദ്യം ഒരാളുടെ ആരോഗ്യ സംബന്ധമായ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഏകീകൃത തിരിച്ചറിയൽ യുനീക്ക് ഹെൽത്ത് ഐഡന്റിഫിക്കേഷൻ നമ്പർ (യു എച്ച് ഐ ഡി) സൃഷ്ടിക്കണം.
ആധാർ കാർഡും ആധാർ ബന്ധിപ്പിച്ച മൊബൈൽ ഫോണുമായി എത്തിയാൽ ആസ്പത്രിയിലെ പ്രത്യേക ഇ-ഹെൽത്ത് കൗണ്ടറിൽ നിന്ന് ഈ സേവനം ലഭ്യമാകും. ehealth.kerala.gov.in/portal/uhid-reg എന്ന ഓൺലൈൻ ലിങ്ക് വഴി സ്വന്തമായും രജിസ്റ്റർ ചെയ്യാം.
യു.എച്ച്.ഐ.ഡിയുമായി ബന്ധപ്പെടുത്തി മൊബൈൽ ഫോൺ നമ്പർ രജിസ്റ്റർ ചെയ്താൽ വീട്ടിലിരുന്നും ടോക്കൺ ബുക്ക് ചെയ്യാം. ആസ്പത്രിയിൽ ലഭ്യമായ സേവനങ്ങൾ, ചികിത്സ സമയം, ലാബ് പരിശോധന ഫലങ്ങൾ ഉൾപ്പടെയുള്ള വിവരങ്ങൾ അറിയാനാകും.