Zygo-Ad

കേന്ദ്ര ബജറ്റിനെതിരെ വിമർശനവുമായി കേരള എംപിമാർ

കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി കേരള എംപിമാർ. കേരളത്തോട് കാണിച്ചത് കടുത്ത വിവേചനമെന്ന് കെ രാധാകൃഷ്‌ണൻ പറഞ്ഞു.ഒരു ദേശീയ ബജറ്റാണിത് എന്ന് പറയാൻ കഴിയില്ല. എല്ലാ അർത്ഥത്തിലും നിരാശാജനകമായ ബജറ്റാണ് മന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു. കേരളത്തെ നിരാശപ്പെടുത്തിയെന്ന് ആൻ്റോ ആന്റണി എംപിയും, രണ്ടു മന്ത്രിമാരല്ലാതെ മറ്റൊന്നും കേരളത്തിന് ഇല്ലെന്നും രാജ്മോഹൻ ഉണ്ണിത്താനും പ്രതികരിച്ചു.

ദേശീയ ബജറ്റിൻ്റെ പൊതുസ്വഭാവം പോലും ഇല്ലാതാക്കിയെന്ന് എൻകെ പ്രേമചന്ദ്രൻ കുറ്റപ്പെടുത്തി. സങ്കുചിതമായ രാഷ്ട്രീയ താൽപര്യം മാത്രം സംരക്ഷിക്കാനുള്ള ബജറ്റാണിത്. ബിഹാർ, ആന്ധ്രാ സംസ്ഥാനങ്ങളെ മാത്രമാണ് പരിഗണിച്ചത്. ചന്ദ്രബാബു നായിഡുവിനെയും നിതീഷ് കുമാറിനെയും ആശ്രയിച്ചുള്ള ഒരു എൻ സ്‌ക്വയർ ബജറ്റാണിത്. കേരളത്തെ ബജറ്റിൽ പരാമർശിച്ചു പോലുമില്ല. കേരളത്തിൽ നിന്നും പാർലമെന്റ്റിലേക്ക് എംപിയെ കൊടുത്താൽ പരിഗണിക്കുമെന്നത് പറഞ്ഞത് വെറുതെയായി എന്നും എൻകെ പ്രേമചന്ദ്രൻ പറഞ്ഞു.

തങ്ങൾക്കിഷ്ടമുള്ളവരെ സഹായിക്കുക, ബാക്കിയുള്ളവരെ തള്ളിക്കളയുക, സമ്മർദ്ദത്തിന് വഴങ്ങി കാര്യങ്ങൾ ചെയ്യുകഎന്നുള്ള ഒരു സമീപനമാണ് ബജറ്റിൽ കാണുന്നതെന്ന് കെ രാധാകൃഷൻ പറഞ്ഞു. വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷ നേടാൻ മുൻകരുതലെടുക്കാൻ വേണ്ടി പോലും പല സംസ്ഥാനങ്ങളെയും സഹായിച്ച കേന്ദ്രം വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന ജനതയോട് മുഖം തിരിക്കുകയാണ് ചെയ്യുന്നത്. സമ്മർദ്ദങ്ങൾക്ക് വഴങ്ങിക്കൊണ്ടുള്ള ദേശീയ ബജറ്റാണിത്. കേരളത്തിന് കഴിഞ്ഞ 10 വർഷമായി പുതിയ പദ്ധതികളൊന്നും അനുവദിച്ചിട്ടില്ലെന്നും കെ രാധാകൃഷ്‌ണൻ പറഞ്ഞു.
വളരെ പുതിയ വളരെ പഴയ