Zygo-Ad

കനത്ത മഴയിൽ മുങ്ങി കോഴിക്കോടും വയനാടും..

കോഴിക്കോട് / വയനാട് :കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്നലെ രാത്രി മുതൽ പെയ്യുന്നത് ശക്തമായ മഴ. ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങൾ ഏറെക്കുറെ വെള്ളത്തിലായി. കോഴിക്കോട് ജില്ലയിൽ മലയോര മേഖലയിലാണ് കൂടുതൽ മഴ പെയ്തത്. നാദാപുരം, കുറ്റ്യാടി, ചക്കിട്ടപാറ, കോടഞ്ചേരി, തിരുവാമ്പാടി എന്നിവിടങ്ങളിൽ മഴ നാശം വിതച്ചു. 

കോടഞ്ചേരി ചെമ്പുകടവ് പാലത്തിൽ വെള്ളം കയറിയതോടെ ഗതാഗതം നിലച്ചു. ഈങ്ങാപ്പുഴയിൽ ദേശീയ പാതയിൽ വെള്ളം കയറിയെങ്കിലും ഗതാഗതം മുടങ്ങിയില്ല. വടകരയിൽ കുളിമുറിയും കിണറും ഇടിഞ്ഞു താണു. തലനാരിഴയ്ക്കാണ് വീട്ടമ്മ രക്ഷപ്പെട്ടത്. നാദാപുരത്ത് ഇന്ന് പുലർച്ചെ വീട് തകർന്നുവീണു. നിരവധി സ്ഥലത്ത് മരങ്ങളും വൈദ്യുതി ലൈനുകളും പൊട്ടിവീണ് ഗതാഗതം തടസ്സപ്പെട്ടു. നാദാപുരം വിലങ്ങാട് പാലം വെള്ളത്തിൽ മുങ്ങി. പാലാഴിയിൽ റോഡിലും കടകളിലും വെള്ളം കയറി. ഇതുവഴി ഗതാഗതം പൂർണമായും സ്തംഭിച്ചു. മണ്ണിടിഞ്ഞ് വീണതിനെത്തുടർന്ന് കൊടിയത്തൂർ കോട്ടമുഴി റോഡ് അടച്ചു.

വയനാട്ടിൽ ഇന്നലെ രാത്രി മുതൽ കനത്ത മഴയാണ്. മാനന്തവാടി, പനമരം, കൊയിലേരി, നൂൽപ്പുഴ, കല്ലൂർ, വെണ്ണിയോട് എന്നിവിടങ്ങളിലെല്ലാം വെള്ളം കയറി. മാനന്തവാടി വെള്ളിയൂർക്കാവ് ക്ഷേത്രത്തിലും വെള്ളം കയറി.

വളരെ പുതിയ വളരെ പഴയ