ദില്ലി:നോട്ട് നിരോധനം സംബന്ധിച്ച കേന്ദ്രസർക്കാരിന്റെ 2016ലെ തീരുമാനവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ കേന്ദ്രത്തോടും റിസർവ് ബാങ്കിനോടും സുപ്രീം കോടതി നിർദ്ദേശം. 1000, 500 നോട്ടുകൾ അസാധുവാക്കിയത് സംബന്ധിച്ചുള്ള ഹർജികൾ പരിഗണിക്കുമ്പോൾ ബുധനാഴ്ചയാണ് സുപ്രീംകോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. 2016 നവംബർ എട്ടിന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച നോട്ട്
അസാധുവാക്കലിനെ ചോദ്യം ചെയ്ത് 58 ഹർജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.
കേന്ദ്രസർക്കാരിനെതിരായ ഹർജിയിൽ തീരുമാനം പ്രഖ്യാപിക്കുന്നത് കോടതി താമസിപ്പിച്ചിരിക്കുകയാണ്. ഇതിനിടെയാണ് ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ കേന്ദ്രത്തോടും റിസർവ് ബാങ്കിനോടും സുപ്രീം കോടതി നിർദ്ദേശിച്ചത്. ജസ്റ്റിസ് എസ് എ നസീറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് ആർബിഐ അഭിഭാഷകനായ അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി ഹർജിക്കാരെ പ്രതിനിധികരിച്ച് മുതിർന്ന അഭിഭാഷകരായ പി ചിദംബരം, ശ്യാം ദിവാൻ എന്നിവരുടെ വാദങ്ങൾ കേട്ടതിന് ശേഷമാണ് കോടതി കേന്ദ്രത്തോട് രേഖകൾ ആവശ്യപ്പെട്ടിരിക്കുന്നത്. വാദങ്ങൾ കേട്ടു. രേഖകൾ പരിശോധിക്കുന്നത് വരെ വിധി നീട്ടി വച്ചിരിക്കുന്നുവെന്നാണ് കോടതി വ്യക്തമാക്കിയത്. ഡിസംബർ 10ന് അകം രേഖകൾ സമർപ്പിക്കാനാണ് നിർദ്ദേശം.