Zygo-Ad

സി.ജെ.പി. സമരം: പിണറായി വിജയനടക്കമുള്ള മുതിർന്ന സി.പി.ഐ.(എം) നേതാക്കളെ ദൽഹി പോലീസ് കസ്റ്റഡിയിലെടുത്തു


ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ സി.ജെ.പി. ആഹ്വാനം ചെയ്ത പ്രതിഷേധ മാർച്ചിൽ പങ്കെടുക്കാനെത്തിയ പിണറായി വിജയനടക്കമുള്ള മുതിർന്ന സി.പി.ഐ.(എം) നേതാക്കളെ ദൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. കേരള ഹൗസിന് മുന്നിൽ നിന്ന് മാർച്ചിന് ഒരുങ്ങുന്നതിനിടെയാണ് നേതാക്കളെ പോലീസ് തടയുകയും കസ്റ്റഡിയിലെടുത്ത് വാനിലേക്ക് മാറ്റുകയും ചെയ്തത്.

സി.പി.ഐ.(എം) ജനറൽ സെക്രട്ടറി എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.കെ. ശ്രീമതി, കെ.കെ. ശൈലജ, ബൃന്ദ കാരാട്ട് തുടങ്ങിയ പ്രമുഖ നേതാക്കളും കസ്റ്റഡിയിലായവരിൽ ഉൾപ്പെടുന്നു. പോലീസ് നടപടി ജനാധിപത്യ ധ്വംസനമാണെന്നും ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്താനാകില്ലെന്നും പിണറായി വിജയൻ പ്രതികരിച്ചു. സി.ജെ.പി. നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണ നൽകേണ്ടത് ജനാധിപത്യ സംരക്ഷണത്തിന് അനിവാര്യമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

പ്രതിഷേധം ശക്തമായതിനെ തുടർന്ന് കേരള ഹൗസിലേക്കുള്ള പ്രധാന റോഡുകൾ ദൽഹി പോലീസ് പൂർണ്ണമായും അടച്ചു. സുരക്ഷ ശക്തമാക്കിയ സാഹചര്യത്തിൽ പ്രദേശത്ത് കടുത്ത ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.



വളരെ പുതിയ വളരെ പഴയ