ടോക്കിയോ: ജപ്പാനിൽ റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തെ തുടർന്ന് രാജ്യത്തിന്റെ തീരപ്രദേശങ്ങളിൽ അധികൃതർ ജാഗ്രതാ നിർദേശവും സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചു.
തീരദേശ മേഖലകളിൽ ഒരു മീറ്ററോളം ഉയരത്തിൽ വരെ തിരമാലകൾ ഉയര അടിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തീരപ്രദേശങ്ങളിൽ താമസിക്കുന്നവരോട് സുരക്ഷിതമായ ഉയർന്ന ഇടങ്ങളിലേക്ക് മാറിത്താമസിക്കാൻ അധികൃതർ നിർദേശം നൽകി.
ഭൂചലനത്തിൽ കെട്ടിടങ്ങൾ കുലുങ്ങുകയും ഗതാഗത സംവിധാനങ്ങൾ താൽക്കാലികമായി നിശ്ചലമാവുകയും ചെയ്തു. ആളപായമോ വലിയ തോതിലുള്ള നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി വ്യക്തമാക്കി.
