Zygo-Ad

ഇൻഡിഗോ വിമാനത്തിലെ പ്രതിഷേധം: 'ഇ.പി ജയരാജനെതിരായ കോടതി ഉത്തരവ് സ്വാഗതം ചെയ്ത് പരാതിക്കാരൻ


തിരുവനന്തപുരം: ഇൻഡിഗോ വിമാനത്തിലെ പ്രതിഷേധത്തില്‍ ഇ.പി ജയരാജനെതിരായ കേസ് എഴുതിത്തള്ളാനാവില്ലെന്ന കോടതി ഉത്തരവ് സ്വാഗതം ചെയ്ത് പരാതിക്കാരൻ.

കോടതി ഉത്തരവ് നീതി ലഭിക്കാൻ സഹായിക്കുമെന്ന് ഫർസീൻ മജീദ് പറഞ്ഞു. തെളിവുകള്‍ നല്‍കിയിട്ടും പൊലീസ് പരിഗണിച്ചില്ലെന്നും അവരുടെ അന്വേഷണത്തില്‍ നീതി ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് കോടതിയെ സമീപിച്ചതെന്നും ഫർസീൻ പറഞ്ഞു.

'കോടതിയുടെ ഉത്തരവ് നീതി ലഭിക്കാൻ സഹായകമായേക്കുമെന്നാണ് പ്രതീക്ഷ. നേരത്തെ നല്‍കിയ തെളിവുകളൊന്നും പൊലീസ് പരിഗണിച്ചിരുന്നില്ല. 

പൊലീസ് അന്വേഷണത്തില്‍ നീതി ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് കോടതിയെ സമീപിച്ചത്. 2022 ജൂണ്‍ 13ന് ഇൻഡിഗോ വിമാനത്തില്‍ നടന്ന പ്രതിഷേധത്തിന്‍റെ പേരില്‍ ഞങ്ങളെ ജയിലിലടക്കുകയും വധശ്രമക്കേസ് ചുമത്തുകയുമായിരുന്നു.

 എന്നാല്‍, യഥാർത്ഥത്തില്‍ ഞങ്ങളാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തെ തുടർന്ന് പൊലീസില്‍ നേരത്തെ പരാതി നല്‍കാൻ ശ്രമിച്ചെങ്കിലും സ്വീകരിക്കാൻ കൂട്ടാക്കിയിരുന്നില്ല. പിന്നീട്, കോടതി മുഖാന്തരം നല്‍കിയ പരാതിയിലാണ് കേസെടുത്തത്.' ഫർസീൻ വ്യക്തമാക്കി.

ജയരാജനെതിരായ കേസ് എഴുതിത്തള്ളാനാവില്ലെന്ന് ഇന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് സമർപ്പിച്ച റിപ്പോർട്ട് തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തള്ളുകയും ചെയ്തിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ പരാതിയില്‍ കൂടുതല്‍ അന്വേഷിച്ച്‌ റിപ്പോർട്ട് നല്‍കാനും ഉത്തരവിട്ടു.

നിലവാരമില്ലാത്ത കമ്പനിയാണ് ഇൻഡിഗോയെന്നും ഇതിനേക്കാള്‍ മാന്യമായ കമ്പനികള്‍ വേറെയുണ്ടെന്നും 2022 ജൂലൈ 18ന് ഇ.പി ജയരാജൻ പറഞ്ഞിരുന്നു.

 വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ പിടിച്ചു തള്ളിയതില്‍ യാത്രാ വിലക്ക് ഏർപ്പെടുത്തിയപ്പോഴായിരുന്നു അന്ന് എല്‍ഡിഎഫ് കണ്‍വീനറായിരുന്ന ഇ.പി ജയരാജൻ ഇൻഡിഗോയ്ക്കെതിരെ രംഗത്തെത്തിയത്. മൂന്നാഴ്ചത്തെ യാത്രാ വിലക്കാണ് ഇൻഡിഗോ അദ്ദേഹത്തിന് ഏർപ്പെടുത്തിയിരുന്നത്.

മാന്യതയുള്ള കമ്പനിയാണെങ്കില്‍ തനിക്ക് പുരസ്‌കാരം നല്‍കുകയാണ് വേണ്ടതെന്നും ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അന്ന് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചയും വിലക്കേർപ്പെടുത്തുകയുണ്ടായി. 

വിമാന കമ്പനിയുടെ ആഭ്യന്തര അന്വേഷണ സമിതിയുടെ നിർദേശപ്രകാരമായിരുന്നു നടപടി. 2022 ജൂണ്‍ 14ന് കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കു പറന്ന ഇൻഡിഗോ വിമാനത്തിലായിരുന്നു മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായത്.

അതേ സമയം, മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചപ്പോള്‍ തടയുക മാത്രമാണ് താൻ ചെയ്തതെന്നും കോടതിയില്‍ കാര്യങ്ങളെല്ലാം വിശദീകരിക്കുമെന്നും ഇ.പി ജയരാജൻ പ്രതികരിച്ചു. 

താൻ ആ കേസില്‍ കക്ഷിയോ പ്രതിയോ ആയിരുന്നില്ലെന്നും തന്നെ വിചാരണ ചെയ്യാതെ എങ്ങനെയാണ് കോടതി തന്‍റെ പേര് പറഞ്ഞതെന്ന് വിധിന്യായം വായിച്ചാല്‍ മാത്രമേ മനസിലാക്കാൻ സാധിക്കൂവെന്നും ജയരാജൻ പറഞ്ഞു.

ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ഭീകരരുടെ രൂപത്തില്‍ വിമാനത്തില്‍ കയറി ആസൂത്രിതമായി നടത്തിയ സംഭവമായിരുന്നു അത്. സമാധാനം ആഗ്രഹിക്കുന്നയാളെന്ന നിലയിലാണ് ആ ആക്രമണത്തെ തടയാൻ തീരുമാനിച്ചത്. കേസ് മുന്നോട്ട് വരട്ടെ. ബാക്കി അപ്പോള്‍ കാണാം. ജയരാജൻ കൂട്ടിച്ചേർത്തു.

വളരെ പുതിയ വളരെ പഴയ