Zygo-Ad

വിമാനത്തിലെ പ്രതിഷേധം: ഇ പി ജയരാജനെതിരായ കേസ് എഴുതി തള്ളാനാവില്ലെന്ന് കോടതി, തുടരന്വേഷണത്തിന് ഉത്തരവ്


 തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസില്‍ സിപിഐഎം നേതാവ് ഇ.പി ജയരാജനെതിരെ തുടരന്വേഷണത്തിന് ഉത്തരവ്. കേസ് എഴുതി തള്ളാനാവില്ലെന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി. വിമാനത്തിനുള്ളിൽ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന പരാതിയിലാണ് നിലവിൽ കോടതി ഉത്തരവ് വന്നിരിക്കുന്നത്. കേസ് കൃത്യമായി അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാൻ വലിയതുറ പോലീസ് എസ്എച്ച്ഒയ്ക്ക് കോടതി നിര്‍ദേശം നല്‍കി. മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന അനില്‍കുമാറും ഈ കേസില്‍ പ്രതിയാണ്.

കഴിഞ്ഞ ഇടത് സര്‍ക്കാരിന്റെ അവസാന കാലത്ത് ഇ.പി ജയരാജനെ കേസിൽ പ്രതിചേര്‍ക്കാനാവില്ലെന്ന് കാണിച്ച് പോലീസ് റിപ്പോര്‍ട്ട് തയാറാക്കി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാൽ ഈ പോലീസ് റിപ്പോർട്ട് പൂര്‍ണ്ണമായും തള്ളിക്കൊണ്ടാണ് കോടതി ഇപ്പോൾ തുടരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

കേസിനാസ്പദമായ സംഭവം നടക്കുന്നത് 2022 ജൂണ്‍ 19നാണ്. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര ചെയ്തിരുന്ന ഇന്‍ഡിഗോ വിമാനത്തിനുള്ളിൽ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഈ സമയത്ത് വിമാനത്തിലുണ്ടായിരുന്ന ഇ.പി ജയരാജന്‍ തങ്ങളെ കൈയേറ്റം ചെയ്തുവെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ പരാതി നൽകുകയായിരുന്നു. ഈ പരാതിയിലാണ് ഇപ്പോൾ കോടതി നിർണായകമായ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

 

വളരെ പുതിയ വളരെ പഴയ