Zygo-Ad

ക്ഷേമ പെൻഷൻ 3000 രൂപ, റബ്ബർ വില 300; വമ്പൻ വാഗ്ദാനങ്ങളുമായി യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി

 


കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. കൊച്ചിയിൽ നടന്ന ചടങ്ങിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് പത്രിക പ്രകാശനം ചെയ്തത്. 'ഇന്ദിര ഗ്യാരന്റി'കളിൽ ഊന്നിയുള്ള വികസന-ക്ഷേമ പദ്ധതികളാണ് പത്രികയിലെ പ്രധാന ആകർഷണം.

ക്ഷേമ പദ്ധതികൾ

സാമൂഹിക സുരക്ഷാ പെൻഷൻ വെറും സഹായമല്ല, മറിച്ച് പൗരന്റെ അവകാശമായി പ്രഖ്യാപിക്കുമെന്ന് യുഡിഎഫ് ഉറപ്പുനൽകുന്നു. നിലവിലുള്ള പെൻഷൻ തുക 3000 രൂപയായി വർദ്ധിപ്പിക്കും. കൂടാതെ, അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്മരണാർത്ഥം എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപ വരെയുള്ള സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും പ്രഖ്യാപിച്ചു.

സ്ത്രീകൾക്കും യുവാക്കൾക്കും

 * സൗജന്യ യാത്ര: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് പൂർണ്ണമായും സൗജന്യ യാത്ര അനുവദിക്കും.

 * പലിശരഹിത വായ്പ: സംരംഭങ്ങൾ തുടങ്ങാൻ യുവാക്കൾക്ക് 5 ലക്ഷം രൂപ വരെ പലിശരഹിത വായ്പ നൽകും.

 * വിദ്യാർത്ഥികൾക്ക് കൈത്താങ്ങ്: കോളേജ് വിദ്യാർത്ഥികൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം നൽകും.

കാർഷികം, തൊഴിൽ മേഖലകൾ

റബ്ബർ കർഷകരുടെ ഏറെക്കാലത്തെ ആവശ്യമായ താങ്ങുവില 300 രൂപയായി ഉയർത്തുമെന്ന് പത്രിക വ്യക്തമാക്കുന്നു. ആശാവർക്കർമാരുടെ പ്രതിദിന വേതനം 700 രൂപയായി വർദ്ധിപ്പിക്കും. സംസ്ഥാനത്തുടനീളം 'ഇന്ദിര കാന്റീൻ' പദ്ധതി വ്യാപിപ്പിക്കും.

ആചാര സംരക്ഷണവും ക്യാമ്പസ് സുരക്ഷയും

ശബരിമലയിലെ ആചാരസംരക്ഷണത്തിനായി പ്രത്യേക നിയമം നിർമ്മിക്കുമെന്ന് യുഡിഎഫ് വാഗ്ദാനം ചെയ്യുന്നു. പൂക്കോട് വെറ്റിനറി കോളേജിൽ റാഗിങ്ങിനിരയായി കൊല്ലപ്പെട്ട സിദ്ധാർത്ഥിന്റെ പേരിൽ ക്യാമ്പസുകളിൽ റാഗിംഗ് വിരുദ്ധ പദ്ധതി നടപ്പിലാക്കും. സമാധാനം, സഹിഷ്ണുത, മുതിർന്ന പൗരന്മാർ എന്നിവർക്കായി പ്രത്യേക വകുപ്പുകൾ രൂപീകരിക്കുമെന്നും യുഡിഎഫ് പ്രകടനപത്രികയിൽ പറയുന്നു.



വളരെ പുതിയ വളരെ പഴയ